. വിമര്‍ശനവുമായി കോണ്‍ഗ്രസ്സും സിപിഎമ്മും
. പിന്തുണച്ച് ബിജെപി
ന്യൂഡല്‍ഹി: ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍) ന്യൂഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. ഇന്നലെ രാവിലെ 11.30ഓടെയാണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയത്. ചില രേഖകളും മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ഉള്‍പ്പടെ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നടക്കുന്നത് സര്‍വേയാണെന്നും പരിശോധനയല്ലെന്നും ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ജീവനക്കാരുടെ ഫോണുകള്‍ തിരികെ നല്‍കുമെന്നും ഇവര്‍ പറഞ്ഞു. ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ബിബിസി ഓഫീസില്‍ സര്‍വേ നടത്തുന്നത്. അക്കൗണ്ട് ബുക്ക് ഉള്‍പ്പടെ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇത് റെയ്ഡ് അല്ലെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബിബിസിയുടെ ഇന്ത്യന്‍ ഭാഷാചാനലുകളുടെ വരുമാന രേഖകളും പരിശോധിച്ചതായാണ് വിവരം. ജീവനക്കാരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബാക്കപ്പ് എടുത്ത് വ്യക്തികള്‍ക്ക് തിരികെ കൈമാറും.അക്കൗണ്ട്, ധനകാര്യ ഡിപ്പാര്‍ട്ട്മെന്‍റ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ ലാപ്പ് ടോപ്പുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഗുജറാത്ത്കലാപത്തെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്‍ററി ബിബിസി സംപ്രേഷണം ചെയ്തതിരുന്നു.
ബിബിസി ഓഫീസുകളില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. അദാനിയുടെ വിഷയത്തില്‍ പ്രതിപക്ഷം ജെപിസി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ബിബിസിയില്‍ പരിശോധന നടത്തുകയാണെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.
ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ആദ്യം ബിബിസി ഡോക്യുമെന്‍ററികള്‍ നിരോധിച്ചു. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ഇല്ലാതിരിക്കുക. ഇപ്പോള്‍ ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. ഇപ്പോഴും ഇന്ത്യയെ ജനാധിപത്യത്തിന്‍റെ മാതാവ് എന്ന് വിളിക്കുന്നു.സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്തുണയുമായി ബിജെപി. ബിബിസിയെ ‘അഴിമതി നിറഞ്ഞ കോര്‍പ്പറേഷന്‍’ എന്ന് വിശേഷിപ്പിച്ചാണ് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ രംഗത്തെത്തിയത്. ഇന്ത്യാവിരുദ്ധ പ്രൊപ്പഗാണ്ടയാണ് ബിബിസി നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ ഭയക്കുന്നതെന്ന് ഗൗരവ് ഭാട്ടിയ ചോദിച്ചു. കോണ്‍ഗ്രസിനും ബിബിസിക്കും ഒരേ അജണ്ടയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ നിയമം പാലിക്കാന്‍ ബിബിസി ബാധ്യസ്ഥരാണ്. ആദായനികുതി വകുപ്പിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇപ്പോള്‍ കൂട്ടിലിട്ട തത്തയല്ലെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു.