ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സംയുക്ത സൈന്യാധിപന്‍ ജനറല്‍ ബിപിന്‍ റാവത്തിന്‍റെയും ഭാര്യ മധുലികയുടെയും 11 ഓഫീസര്‍മാരുടെയും ഭൗതികശരീരങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം.ഇന്നലെ രാത്രി എട്ടിന് ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹങ്ങളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മൂന്ന് സേനാ മേധാവിമാര്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. വിടവാങ്ങിയവരുടെ കുടുംബാംഗങ്ങളില്‍ ഓരോരുത്തരുടെയും മുന്നില്‍ തൊഴുകൈയോടെ നമസ്കരിക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യം വികാരനിര്‍ഭരമായിരുന്നു. ഇന്ത്യയിലെ 138 കോടിയില്‍പ്പരം ജനങ്ങളും ഒരേ മനസോടെ നമസ്കരിക്കുകയായിരുന്നു അപ്പോള്‍.റാവത്തിന്‍റെയും ഭാര്യയുടെയും ഭൗതിക ദേഹങ്ങള്‍ ഇന്ന് കാമരാജ് മാര്‍ഗിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഡല്‍ഹി കന്‍റോണ്‍മെന്‍റിലെ ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തില്‍ വൈകിട്ട് മൂന്ന് മണിയോടെ സംസ്കരിക്കും. പൊതുദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാം. അപകടത്തില്‍ മരണപ്പെട്ട മറ്റുള്ളവരുടേത് ഡി എന്‍ എ പരിശോധന ഫലം ലഭിച്ച് തിരിച്ചറിഞ്ഞ ശേഷം അവരവരുടെ നാടുകളിലേക്ക് കൊണ്ടുപോകും.
സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും പത്നിയും അടക്കം 13 പേര്‍ മരിച്ച ഹെലികോപ്ടര്‍ അപകടത്തിലെ ദുരൂഹത നീക്കാന്‍ മൂന്ന് സേനകളുടെയും സംയുക്ത സമിതി അന്വേഷണം തുടങ്ങി. വ്യോമസേനാ ട്രെയിനിംഗ് കമാന്‍ഡ് മേധാവിയും ഹെലികോപ്ടര്‍ പൈലറ്റുമായ എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിംഗ് സമിതിക്ക് നേതൃത്വം നല്‍കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവനയില്‍ അറിയിച്ചു. ഉച്ചയ്ക്ക് 12.15ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന കോപ്ടറുമായുള്ള ബന്ധം 12.08ന് ലാന്‍ഡിംഗ് സ്റ്റേഷനിലെ എയര്‍ട്രാഫിക് ടവറിന് നഷ്ടമായെന്നും രാജ്നാഥ് പറഞ്ഞു.
ഹെലികോപ്ടറിന്‍റെ ഫ്ളൈറ്റ് ഡേറ്റാ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും ഇന്നലെ അപകടസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇവ വ്യോമസേനയുടെ ഡല്‍ഹിയിലെ ഫ്ളൈറ്റ് സേഫ്ടി ഡയറക്ടറേറ്റ് സുലൂരിലോ ചണ്ഡിഗഡിലെ ലാബിലോ കൊണ്ടുപോയി പരിശോധിക്കുമെന്നാണ് അറിയുന്നത്.
കേപ്റ്റര്‍ തകര്‍ന്ന അവസാന നിമിഷങ്ങളില്‍ എന്തു സംഭവിച്ചു എന്നറിയാന്‍ ഇവയിലെ വിവരങ്ങള്‍ നിര്‍ണായകമാകും. അപകടത്തിന് തൊട്ടുമുന്‍പ് ചിലര്‍ എടുത്ത വീഡിയയില്‍ ഹെലികോപ്ടര്‍ താണു പറക്കുന്നതും മൂടല്‍മഞ്ഞില്‍ അപ്രത്യക്ഷമാകുന്നതും കാണാം. തൊട്ടടുത്ത നിമിഷം വന്‍ ശബ്ദം കേട്ട് കോപ്ടര്‍ വീണതാണോ എന്ന് വീഡിയോയില്‍ ഉള്ളവര്‍ ചോദിക്കുന്നുണ്ട്. അപകടകരമായി താണു പറക്കുമ്പോഴും മരങ്ങളും കുന്നുകളും പോലുള്ള തടസങ്ങള്‍ മുന്നിലുള്ളപ്പോഴും മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം കോപ്രറില്‍ ഉണ്ടായിരുന്നു.
കോപ്ടര്‍ പറത്തിയ സുലൂര്‍ എയര്‍ബേസിലെ ഹെലികോപ്ടര്‍ യൂണിറ്റിന്‍റെ കമാന്‍ഡിംഗ് ഓഫീസര്‍ കൂടിയായ വിംഗ് കമാന്‍ഡര്‍ പൃഥ്വീ സിംഗ് ചൗഹാന് പിഴവു സംഭവിച്ചോ എന്നും പരിശോധിക്കും.
പെട്ടെന്ന് മഞ്ഞിറങ്ങുന്നതും പാറക്കെട്ടുകളും കുന്നുകളും നിറഞ്ഞതുമായ പ്രദേശത്ത് കോപ്ടര്‍ പറപ്പിച്ചുള്ള പരിചയവും പ്രധാനമാണ്. കേപ്റ്ററിന് സാങ്കേതിക തകരാറുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.