ബിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി

Top News

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായി ഗുസ്തി താരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെയുളള ലൈംഗിക പീഡന പരാതിയില്‍ ഡല്‍ഹി പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന ഇരകളായ വനിത ഗുസ്തി താരങ്ങളുടെ പരാതിയാണ് സുപ്രീം കോടതി ഇന്നലെ പരിഗണിച്ചത്. എന്നാല്‍ പൊലീസ് കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിപ്പിക്കാം എന്നും കോടതി അറിയിച്ചു.
ഈ ഹര്‍ജിയിന്‍ മേലുള്ള നടപടി ക്രമങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നു. ഈ കേസില്‍ ഇനി ഗുസ്തി താരങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അത് മജിസ്ട്രേട്ടിനെയോ ഹൈക്കോടതി ജഡ്ജിയെയോ അറിയിക്കാം എന്നാണ് കോടതി അറിയിച്ചത്.ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും, ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ ഇരുപത്തിമൂന്നിനാണ് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ സമരം ആരംഭിച്ചത്.
ബുധനാഴ്ച ഗുസ്തി താരങ്ങളും പൊലീസും തമ്മില്‍ ഡല്‍ഹി ജന്തര്‍ മന്തര്‍ റോഡിലെ സമരപന്തലിന് മുന്നില്‍ കൈയ്യാങ്കളിയുണ്ടായി. മദ്യപിച്ചെത്തിയ പൊലീസുകാര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഗുസ്തി താരങ്ങളുടെ ആരോപണം. ഉദ്യോഗസ്ഥര്‍ തങ്ങളെ ഉന്തുകയും തള്ളുകയും ചെയ്തെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ ക്രിമിനലുകളല്ല. എന്നാല്‍ പൊലീസുകാര്‍ ഞങ്ങളോട് ക്രിമിനലുകളോടെന്നതുപോലെയാണ് പെരുമാറിയത്. ഞങ്ങളെ കൊല്ലണമെങ്കില്‍ കൊല്ലൂ. പുരുഷന്മാരാണ് എന്നെ പിടിച്ച് തള്ളിയത്. വനിതാ പൊലീസുകാര്‍ എവിടെ.’ഗുസ്തി താരം വിനേഷ് ഫോഗട്ട് ചോദിച്ചു. ‘ഈ ദിനങ്ങള്‍ക്ക് സാക്ഷികളാകാനാണോ ഞങ്ങള്‍ മെഡലുകള്‍ വാങ്ങിയത്’ എന്ന് വിനേഷ് വികാരനിര്‍ഭരമായി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *