തിരുവനന്തപുരം: പൊതുവേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയ സംഭവത്തില്‍ സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ക്കെതിരെ ബാലാവകാശ കമിഷന്‍ സ്വമേധയാ കേസെടുത്തു.സംഭവത്തില്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ക്കും പെരിന്തല്‍മണ്ണ സി.ഐക്കും ബാലാവകാശ കമിഷന്‍ നോട്ടീസയക്കുകയായിരുന്നു.
ഈ മാസം 25നകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമീഷണര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്.വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയെ പൊതുവേദിയില്‍ അപമാനിച്ചത് കുറ്റകൃത്യമാണെന്നും അധികൃതര്‍ സ്വമേധയാ കേസെടുക്കണമെന്നുമായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
പെണ്‍കുട്ടികളുടെ അന്തസ്സും അഭിമാനവും കാക്കാന്‍ രാഷ്ട്രീയകക്ഷികള്‍ ഇടപെടേണ്ടതുണ്ടെന്നും സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നത് കനത്ത നിരാശയാണുളവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പെണ്‍കുട്ടിയെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കാത്തത് അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അപമാനിക്കപ്പെട്ടിട്ടും അനാവശ്യ രീതിയില്‍ പ്രതിക്കരിക്കാത്തതില്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.