ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്നു കള്ളംപറഞ്ഞ് സഹായധനം കൈപ്പറ്റാന്‍ ശ്രമിച്ച സ്ത്രീക്കെതിരെ ഭര്‍ത്താവ് പരാതി നല്‍കി. കട്ടക് ജില്ലയില്‍നിന്നുള്ള ഗീതാഞ്ജലി ദത്തയാണ് സഹായധനം വാങ്ങാന്‍ എത്തിയത്. ട്രെയിനപകടത്തില്‍ ഭര്‍ത്താവ് വിജയ് ദത്ത മരിച്ചെന്നും അദ്ദേഹത്തിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞെന്നുമായിരുന്നു ഗീതാഞ്ജലി പറഞ്ഞത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ കള്ളമാണെന്നു തെളിഞ്ഞു.
ഭര്‍ത്താവ് തന്നെ സ്ത്രീക്കെതിരെ പരാതി നല്‍കിയതോടെ പോലീസ് ഇവരെ താക്കീത് ചെയ്തു. 13 വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു ജീവിക്കുകയാണു ഗീതാഞ്ജലി.കള്ളം പറഞ്ഞ് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ചീഫ് സെക്രട്ടറി പി.കെ. ജന ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷവും റയില്‍വേ മന്ത്രാലയം പത്തുലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.