ബാര്‍ക്കോഴ: മദ്യനയം ചര്‍ച്ച ചെയ്തില്ലെന്ന മന്ത്രിമാരുടെ വാദം തെറ്റെന്ന് വിവരം

Top News

തിരുവനന്തപുരം: ബാര്‍ക്കോഴ വിവാദത്തില്‍ മദ്യനയവുമായി ബന്ധപ്പെട്ട് ബാറുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്ന് വിവരം. മദ്യനയം അനുകൂലമാക്കാന്‍ 25 കോടി രൂപയോളം കോഴ നല്‍കാന്‍ ബാര്‍ ഉടമകള്‍ പിരിച്ചുവെച്ചുവെന്നാണ് ആരോപണം. എന്നാല്‍ മദ്യനയം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് എക്സൈസ്, ടൂറിസം മന്ത്രിമാര്‍ പറഞ്ഞിരുന്നു. മദ്യനയം സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. പണപ്പിരിവിന് ശ്രമിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം തെറ്റായ പ്രവണതകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നുമാണ് ആരോപണം ഉയര്‍ന്നപ്പോള്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയത്.മദ്യനയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആലോചനയോഗം വിളിച്ചത് ടൂറിസം ഡയറക്ടറാണെന്നും വകുപ്പിലെ എല്ലായോഗവും മന്ത്രി അറിയണമെന്നില്ലെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞിരുന്നു. എന്നാല്‍ ഈ രണ്ടു മന്ത്രിമാരുടെയും വാദങ്ങള്‍ തളളുന്ന നിലയിലേക്കാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
മദ്യനയം ചര്‍ച്ചചെയ്യാന്‍ ടൂറിസം വകുപ്പാണ് മെയ് 21ന് യോഗം വിളിച്ചത്. മദ്യനയമാറ്റവും നിര്‍ദേശങ്ങളും എന്നത് മാത്രമായിരുന്നു അജണ്ട. സൂംമീറ്റിംഗില്‍ ടൂറിസം ഡയറക്ടറായിരുന്നു അധ്യക്ഷന്‍. യോഗത്തിന്‍റെ ഓണ്‍ലൈന്‍ ലിങ്കും ലോഗിന്‍ ഐഡിയും പാസ്വേര്‍ഡും ചേര്‍ത്താണ് സന്ദേശം ബാര്‍ ഉടമകള്‍ക്കും ഹോംസ്റ്റേകള്‍ക്കും മാര്‍ക്കറ്റിംഗ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ അയച്ചത്. ഈ സന്ദേശത്തിന്‍റെ രേഖകളാണ് പുറത്തുവന്നത്.
ടൂറിസം വകുപ്പിന്‍റെ കത്ത് പുറത്ത് വന്നതോടെ മന്ത്രി അറിയാതെയാണ് യോഗം വിളിച്ചതെന്നും ഒരുപാട് വിഷയങ്ങള്‍ക്കൊപ്പം മദ്യനയവും ചര്‍ച്ച ചെയ്തെന്നുമാണ് ടൂറിസം ഡയറക്ടറുടെ വാദം. എന്നാല്‍ മന്ത്രി അറിയാതെ മദ്യനയം പോലുള്ള സുപ്രധാന വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ യോഗം വിളിച്ചുചേര്‍ക്കാനാകുമെന്ന് ജനങ്ങള്‍ ചോദിക്കുന്നു. മദ്യനയത്തില്‍ മന്ത്രിമാര്‍ അറിയാതെ മുമ്പൊന്നും ഇത്തരം യോഗങ്ങള്‍ വിളിച്ചതിന് തെളിവുകളുമില്ല. വകുപ്പ് മന്ത്രിയെ അറിയിക്കാതെ ഉദ്യോഗസ്ഥര്‍ സ്വതന്ത്രമായി യോഗം വിളിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല എന്നാണ് പൊതുജനസംസാരം.
അതിനിടെ ഡ്രൈഡേ മാറ്റുന്നതടക്കമുള്ള വിഷയങ്ങളിലും ചര്‍ച്ച നടന്നുവെന്ന് ബാറുടമാ സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ വി. സുനില്‍കുമാര്‍ സ്ഥിരീകരിച്ചതും എക്സൈസ്, ടൂറിസം വകുപ്പുകള്‍ക്ക് തിരിച്ചടിയായി. ബാറുടമകള്‍, ഹോം സ്റ്റേ ഉടമകള്‍ തുടങ്ങി ടൂറിസം രംഗവുമായി ബന്ധപ്പെട്ടവരും ഏഴോളം സംഘടനാ പ്രതിനിധികളും യോഗത്തിന്‍റെ ഭാഗമായിരുന്നു. ഇതോടെ ഒരുയോഗവും ചേര്‍ന്ന് മദ്യനയം ചര്‍ച്ചചെയ്തിട്ടില്ലെന്ന മന്ത്രിമാരുടെ വാദം പൊളിഞ്ഞെന്ന് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ടൂറിസം വകുപ്പ് വിളിച്ചുചേര്‍ത്ത യോഗം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ബാറുടമകളുടെ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി കൊച്ചിയില്‍ ചേര്‍ന്നത്. ഈ യോഗത്തിനിടയിലാണ് പണപ്പിരിവിനുള്ള അനിമോന്‍റെ ഓഡിയോ സന്ദേശം അംഗങ്ങള്‍ക്ക് ലഭിച്ചെതെന്നും പ്രതിപക്ഷം വിശ്വസിക്കുന്നു.
ബാര്‍ക്കോഴ കേസില്‍ എക്സൈസ്, ടൂറിസം മന്ത്രിമാര്‍ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യനയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതിന് തെളിവുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ചും സമയപരിധി നീട്ടുന്നതിനെക്കുറിച്ചും മെയ് 21ലെ യോഗത്തില്‍ ചര്‍ച്ചയുണ്ടായി. അതിനെത്തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ പണപ്പിരിവിനുള്ള നിര്‍ദ്ദേശം നല്‍കുകയും ഇക്കാര്യം ഇടുക്കി ജില്ലാ പ്രസിഡന്‍റിലൂടെ പുറത്തുവരുകയും ചെയ്തത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.
ബാര്‍ക്കോഴ വിവാദത്തില്‍ മന്ത്രിമാരായ എം.ബി.രാജേഷും മുഹമ്മദ് റിയാസും രാജിവെയ്ക്കണമെന്ന് കെ.മുരളീധരന്‍ എം പി ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം.ഒരു കോടി രൂപയുടെ പേര് പറഞ്ഞ് കെ.എം. മാണിയെ രാജിവെപ്പിച്ചു. 25 കോടിയുടെ അഴിമതി മൂടിവെക്കാന്‍ അനുവദിക്കില്ല. മുരളീധരന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *