ബാബരി മസ്ജിദ്: കോടതിയലക്ഷ്യ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

Top News

ന്യൂഡല്‍ഹി: 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കുമെതിരായ കോടതിയലക്ഷ്യ ഹരജികള്‍ ചൊവ്വാഴ്ച സുപ്രീം കോടതി അവസാനിപ്പിച്ചു.മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിച്ച സുപ്രീം കോടതിയുടെ 2019ലെ വിധി കണക്കിലെടുത്താണ് കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചത്.
മസ്ജിദ് തകര്‍ത്തത് തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ ഹരജികളിലെ നടപടികള്‍ക്കാണ് തീര്‍പ്പ് കല്‍പ്പിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക്ക, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.
ബാബരി മസ്ജിദ് പൊളിക്കുന്നതിന് മുമ്ബ് അയോധ്യയില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രിംകോടതി ഉത്തരവ് ലംഘിച്ചാണ് 1992 ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഇത് തടയാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാറിനും സംസ്ഥാന പൊലീസിനും കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ ഹരജികള്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്.
ഹരജി നല്‍കിയ മുഹമ്മദ് അസ്ലം ഭൂരെ 2010ല്‍ അന്തരിച്ചതായും ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍, വിഷയത്തില്‍ ഒന്നും നിലനില്‍ക്കുന്നില്ലെന്ന് ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *