. കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ അസാധാരണ രംഗങ്ങള്‍
. മുഖ്യമന്ത്രിക്കെതിരെ രാജ്ഭവന്‍
തേഞ്ഞിപ്പലം:ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ബാനറുകള്‍ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ ഇന്നലെ രാത്രിയില്‍ നീക്കം ചെയ്ത് പൊലീസ്. എന്നാല്‍ കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീണ്ടും ഗവര്‍ണര്‍ വിരുദ്ധ ബാനറുകളുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ക്യാമ്പസിലെത്തി. പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡിനു മുകളില്‍ ബാനറുകള്‍ ഉയര്‍ത്തി. തുടര്‍ന്ന് മറ്റൊരു ബാനറും കൂടി സമീപത്ത് കെട്ടി. ഗവര്‍ണറുടെ കോലം കത്തിച്ചു. ക്യാമ്പസിലെ ഗസ്റ്റ് ഹൗസിലാണ് ഗവര്‍ണര്‍.
നേരത്തെ സ്ഥാപിച്ച ബാനര്‍ നീക്കം ചെയ്യാന്‍ ഇന്നലെ രാവിലെ മുതല്‍ നിര്‍ദേശം നല്‍കിയിട്ടും ഇതിനുള്ള നടപടി വൈസ് ചാന്‍സലറോ പൊലീസോ സ്വീകരിക്കാത്തതില്‍ രോഷം പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തുകയായിരുന്നു. വൈകിട്ട് 6.45ഓടെ അപ്രതീക്ഷിതമായി ക്യാമ്പസിലൂടെ നടന്നുകൊണ്ടാണ് ബാനറുകള്‍ ഇപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ പൊലീസിനോട് രൂക്ഷമായ ഭാഷയില്‍ പറഞ്ഞത്.ബാനറുകള്‍ നീക്കംചെയ്യാത്തതിലുള്ള അമര്‍ഷം പ്രകടിപ്പിച്ചു മലപ്പുറം എസ്. പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് ഗവര്‍ണര്‍ ബാനര്‍ നീക്കാത്തതില്‍ കയര്‍ത്തു. റോഡില്‍ ഇറങ്ങിയശേഷമാണ് ബാനര്‍ നീക്കം ചെയ്യാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചത്. ഇതിനുപിന്നാലെയാണ് ബാനറുകള്‍ പൊലീസ് നീക്കം ചെയ്തത്. സര്‍വകലാശാല കവാടത്തിന് മുന്നില്‍ കൂടുതല്‍ പൊലീസുകാരെയും നിയോഗിച്ചു.
ഇതിനിടെ ഗവര്‍ണര്‍ താമസിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സലര്‍ ജയരാജ് എത്തി. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ ബാനര്‍ ഉയര്‍ത്തിയതിനെ ശക്തമായി അപലപിച്ചുകൊണ്ടും മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചും രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പിറക്കി. കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ എസ്.എഫ്.ഐ ബാനര്‍ കെട്ടില്ല. സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകരുന്നതിന്‍റെ തുടക്കമെന്നും ഭരണ ഘടന സംവിധാനം തകര്‍ക്കാന്‍ മുഖ്യമന്ത്രി ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
ബാനര്‍ നീക്കം ചെയ്യല്‍ പൊലീസിന്‍റെ ഉത്തരവാദിത്തമല്ല. പൊലീസ് അത് ഏറ്റെടുക്കേണ്ടതില്ല. അത്തരം നീക്കങ്ങള്‍ അനുവദിക്കില്ല. ഒരു ബാനര്‍ നശിപ്പിച്ചാല്‍ അതിന് പകരം നൂറെണ്ണം സ്ഥാപിക്കും. ഗവര്‍ണ്ണര്‍ അനുകൂല ബാനറുകളും ക്യാമ്പസിലുണ്ട്. ഏതെങ്കിലും ചിലത് മാത്രം മാറ്റുക എന്നത് സാധ്യമല്ലെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പറഞ്ഞിരുന്നു.