കോട്ടയം: വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്ക് ജീവനക്കാരന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനു മുന്നില്‍ മൃതദേഹമെത്തിച്ച് പ്രതിഷേധം. കോട്ടയം കുടയംപടിയില്‍ ക്യാറ്റ് വാക്ക് എന്ന പേരില്‍ ചെരുപ്പ് കട നടത്തുന്ന കോട്ടയം കുടമാളൂര്‍ അഭിരാമം വീട്ടില്‍ കെ.സി. ബിനുവിന്‍റെ (50) മൃതദേഹവുമായാണു ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. കര്‍ണാടക ബാങ്കിന്‍റെ നാഗമ്പടത്തെ കോട്ടയം ശാഖയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം.
ബാങ്ക് ജീവനക്കാര്‍ വളരെ മോശമായി ബിനുവിനോട് നേരിട്ടും ഫോണിലും സംസാരിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞമാസം വരെയുള്ള കുടിശ്ശിക അടച്ചുതീര്‍ത്തതായും ബന്ധുക്കള്‍ പറയുന്നു. ബാങ്ക് ജീവനക്കാര്‍ കടയില്‍ എത്തി മോശമായി പെരുമാറുകയും കടയില്‍ വന്ന് ഇരിക്കാറുണ്ടെന്നും ബിനുവിന്‍റെ സഹോദരന്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ബിനുവിനെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. ലോണ്‍ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് നല്‍കിയില്ലെന്നും ബിനുവിന്‍റെ ഭാര്യ ആരോപിച്ചു.