കോഴിക്കോട് : തന്ത്രവിദ്യയെ ജനകീയമാക്കിയ ആചാര്യനും കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്‍റെ മുന്‍ മേല്‍ശാന്തിയും ആയിരുന്ന ബ്രഹ്മശ്രീ പി. പി പീതാംബരന്‍ ശാന്തി (89 )അന്തരിച്ചു. തൃപ്രയാറിനടുത്ത് വലപ്പാട്ട് മകന്‍റെ വസതിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഭാര്യ.സത്യഭാമ. മക്കള്‍.സതീഷ്, ശൈലജ.
60 വര്‍ഷത്തോളം കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ച പീതാംബരന്‍ ശാന്തി ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. മൂന്ന് തലമുറയുടെ വിവാഹംവരെ അദ്ദേഹത്തിന്‍റെ കാര്‍മികത്വത്തില്‍ നടന്നു. ഇത്രയധികം വിവാഹങ്ങള്‍ക്കു മറ്റാരും കാര്‍മികത്വം വഹിച്ചിട്ടില്ല.
പൂജ, താന്ത്രിക കാര്യങ്ങളില്‍ അപാര പാണ്ഡിത്യവും അറിവും ഉണ്ടായിരുന്നു. കാര്‍മികത്വത്തില്‍ കര്‍ക്കശത പുലര്‍ത്തിയിരുന്നു. വിദ്യയും തന്ത്രവും അനുവര്‍ത്തിക്കുന്ന രീതി വിട്ടുമാറാതെ അതിന്‍റെ പരിശുദ്ധിയോടെയും തനിമയോടെയും നടത്തുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. പൂജ, താന്ത്രിക കാര്യങ്ങളില്‍ അങ്ങേയറ്റം സമര്‍പ്പണം അദ്ദേഹത്തിനുണ്ടായിരുന്നു.
നന്നേ ചെറുപ്പത്തില്‍ തന്നെ കോഴിക്കോട് എത്തിച്ചേര്‍ന്ന പീതാംബരന്‍ ശാന്തിയുടെ കര്‍മ്മമണ്ഡലം കോഴിക്കോട് ആയി മാറി. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ മേല്‍ശാന്തി എന്ന നിലയില്‍ കോഴിക്കോട്ടുകാര്‍ക്ക് ഏറെ സുപരിചിതനായിരുന്നു അദ്ദേഹം. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ നിന്ന് വിരമിച്ചതിനു തുടര്‍ന്ന് കോട്ടൂളി പറമ്പത്ത് കാവിലെ തന്ത്രിയും മേല്‍ശാന്തിയും ആയി. നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയായിരുന്നിട്ടുണ്ട്. പൂജ,താന്ത്രിക വിഷയങ്ങളില്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.