ന്യൂഡല്‍ഹി: ബഹുജന്‍ സമാദ്വാദി പാര്‍ട്ടി എംപി റിതേഷ് പാണ്ഡെ ബി.ജെ.പിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ അംബേദകര്‍ നഗറില്‍ നിന്നുള്ള എംപിയാണ് റിതേഷ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്‍റ് കന്‍റീനില്‍വച്ച് കൂടിക്കാഴ്ച നടത്തിയ ഏഴ് പ്രതിപക്ഷ എംപിമാരില്‍ ഒരാളാണ് റിതേഷ്. ബി.എസ്.പിയുടെ പ്രാഥമികാംഗത്വം രാജിവയ്ക്കുകയാണെന്ന് വ്യക്തമാക്കുന്ന രാജിക്കത്ത് റിതേഷ് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചിരുന്നു. പാര്‍ട്ടിയോഗങ്ങള്‍ക്കു തന്നെ വിളിക്കുന്നില്ലെന്നും ബി.എസ്.പി നേതാവ് മായാവതിയെ കാണാന്‍ പലതവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും റിതേഷ് രാജിക്കത്തില്‍ ആരോപിച്ചു. വൈകാരികമായി ബുദ്ധിമുട്ടുണ്ടെങ്കിലും തന്‍റെ സേവനം പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് വ്യക്തമായതിനാലാണ് രാജിയെന്നും റിതേഷ് പറഞ്ഞു.
അതേസമയം, റിതേഷിനു മറുപടിയുമായി ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്തെത്തി. മണ്ഡലത്തില്‍ ജനങ്ങള്‍ക്കുവേണ്ടി സമയം ചെലവഴിക്കുന്നുണ്ടെന്നാണ് കരുതുന്നതെങ്കില്‍ ആത്മപരിശോധന നടത്തണമെന്ന് മായാവതി ചൂണ്ടിക്കാട്ടി. സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കായി ചുറ്റിക്കറങ്ങുകയും നിഷേധാത്മക ചര്‍ച്ചകളുടെ ഭാഗമാകുകയും ചെയ്താല്‍ ലോക്സഭയിലേക്കു ടിക്കറ്റ് നല്‍കുക സാധ്യമല്ലെന്നും മായാവതി കുറിച്ചു.ബി.എസ്.പി ഇത്തവണ റിതേഷിന് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കില്ലെന്ന് ഉറപ്പായതിനാലാണ് പാര്‍ട്ടി വിട്ടതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.