. ദുരന്തം ജമ്മു കശ്മീരില്‍, അപകടത്തില്‍പ്പെട്ടത് തീര്‍ത്ഥാടകര്‍
. 40 പേര്‍ക്ക് പരുക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗറിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. 40 പേര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ നിന്ന് ജമ്മുവിലെ റിയാസി ജില്ലയിലെ ശിവഖോരി ക്ഷേത്രത്തിലേക്കു പോയ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ ഏറെയും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ജമ്മു പൂഞ്ച് ഹൈവേയിലൂടെ യാത്ര തുടരവെ 150 അടി താഴ്ച്ചയിലേക്ക് ബസ്മറിയുകയായിരുന്നു.പരുക്കേറ്റവരെ അഖ്നൂരിലെ പ്രാദേശിക ആശുപത്രിയിലും ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമായതിനാല്‍ മരണസഖ്യ ഇനിയും കൂടിയേക്കും. വീതി കൂട്ടല്‍ ജോലികള്‍ നടക്കുന്നതിനാല്‍ റോഡ് മോശം അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചനം രേഖപ്പെടുത്തി. ജമ്മുകശ്മീര്‍ ലഫ്. ഗവര്‍ണര്‍ അനുശോചിച്ചു. ഹൃദയഭേദകമായ അപകടമാണ് സംഭവിച്ചത്. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.