ബഫര്‍ സോണ്‍: സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കും

Latest News

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളം സുപ്രീം കോടതിയെ സമീപിക്കും.സംസ്ഥാനങ്ങള്‍ക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന്‍റെ ആവശ്യത്തെ കേന്ദ്രം സ്വാഗതം ചെയ്തെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കേന്ദ്രവും നടപടികള്‍ സ്വീകരിക്കും എന്നറിയിച്ചിട്ടുണ്ട്.ഞായറാഴ്ച അഡ്വക്കറ്റ് ജനറലുമായും (എജി) മുഖ്യവനപാലകനുമായും ചര്‍ച്ച നടത്തും. അതിനുശേഷം തിരുത്തല്‍ ഹര്‍ജിയാണോ പുനഃപരിശോധനാ ഹര്‍ജിയാണോ നല്‍കേണ്ടതെന്നു തീരുമാനിക്കും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഓഗസ്റ്റ് 12ന് കേരളം സന്ദര്‍ശിക്കാന്‍ തീരുമാനമായെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.വനാതിര്‍ത്തിക്കുപുറത്ത് ഒരു കിലോമീറ്റര്‍ വരെ സംരക്ഷിതമേഖലയാക്കാമെന്ന 2019ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
ബഫര്‍ സോണ്‍ നടപ്പാക്കാന്‍ ഉത്തരവിറക്കിയശേഷം സുപ്രീം കോടതി വിധിയെ എതിര്‍ക്കുന്നതിലെ ഇരട്ടത്താപ്പിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണു നീക്കം.ജനവാസ മേഖല പൂര്‍ണമായി ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്നും ബഫര്‍സോണ്‍ ഒഴിവാക്കാന്‍ കേന്ദ്രം നിയമം നിര്‍മ്മിക്കണമെന്നും നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *