തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നാണ് ശശീന്ദ്രന്‍ ആരോപിക്കുന്നത്. സുപ്രിംകോടതി വിധി വന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം 2019ല്‍ ഇറക്കിയ ഉത്തരവിന് പ്രസക്തിയില്ല. ഈ സാഹചര്യത്തില്‍ അന്നത്തെ ഉത്തരവ് റദ്ദ് ചെയ്താലും ഇല്ലെങ്കിലും അതിന് യാതൊരു പ്രസക്തിയുമുണ്ടാകില്ല. സംസ്ഥാന സര്‍ക്കാരുകള്‍ എടുത്ത തീരുമാനങ്ങള്‍ സുപ്രിംകോടതി ഉത്തരവോടെ ഇല്ലാതാകും എന്നത് ആര്‍ക്കും അറിയാവുന്ന കാര്യമാണെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
ജനവാസ മേഖലകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടും അതോടൊപ്പം കൃഷിയിടങ്ങളും, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങളും ഒഴിവാക്കിക്കൊണ്ടും ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കുന്നതിന് വനം വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി ഇതിനകം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞ 23 നിര്‍ദ്ദേശങ്ങളില്‍ 22 എണ്ണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. മതികെട്ടാന്‍ ഷോല ദേശീയോദ്യാനത്തിന്‍റെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയും രണ്ടെണ്ണം ഒഴികെ മറ്റുള്ളവ കേന്ദ്ര വിദഗ്ദ്ധ സമിതി യോഗം പരിഗണിച്ചിട്ടുള്ളതുമാണ്.
കരട് വിജ്ഞാപനം തയ്യാറാക്കുന്നതിനായി 2019-ല്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിന് ഇനി പ്രസക്തിയില്ല. മന്ത്രിസഭാ തീരുമാന പ്രകാരം പുതിയ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. 2019-ല്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുകയും അതിന്‍മേല്‍ ലഭിച്ച പൊതുജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച ശേഷം അന്തിമ വിജ്ഞാപനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതുമാണ്. വനം വകുപ്പിന്‍റെ ഈ നടപടിയാണ് മന്ത്രിസഭ അംഗീകരിച്ചിട്ടുള്ളത്.
ജനവാസ മേഖലകള്‍ ഉള്‍പ്പെടെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാനം ഇതിനകം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെയാണ് സുപ്രീംകോടതി വിധി വന്നിട്ടുള്ളത്. സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും നിര്‍ബന്ധമായും ഒരു കി.മീ. ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഉണ്ടായിരിക്കണമെന്ന വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് ഉള്‍പ്പെടെ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച് ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ വനം-വന്യജീവി വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.