ബഫര്‍സോണ്‍: ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന പ്രമേയം നിയമസഭ പാസ്സാക്കി

Top News

തിരുവനന്തപുരം: വനം ബഫര്‍സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍.സുപ്രീംകോടതി വിധി പ്രകാരം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിശ്ചയിക്കണമെന്നതില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കി, ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ബഫര്‍സോണ്‍ നിശ്ചയിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും, ആവശ്യമെന്ന് കണ്ടാല്‍ ഉചിതമായ നിയമനിര്‍മാണത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി.ജനവാസമേഖലകളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ബഫര്‍സോണ്‍ നിശ്ചയിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് സുപ്രീംകോടതി വിധി. കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തില്‍ വിധി സംസ്ഥാനത്ത് നടപ്പാക്കിയാല്‍ ജനജീവിതത്തെ ദുരിതത്തിലാക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.വളരെ കുറഞ്ഞ ഭൂവിസ്തൃതിയുള്ള കേരളത്തിന്‍റെ 30 ശതമാനത്തോളം വനവും, ആകെ ഭൂപ്രദേശത്തിന്‍റെ 48 ശതമാനത്തോളം പശ്ചിമഘട്ട മലനിരകളും കൂടാതെ നിരവധിയായ തടാകങ്ങളും കായലുകളും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും അടങ്ങിയതാണ്. ജനവാസത്തിന് അനുയോജ്യമായ മേഖലകള്‍ സംസ്ഥാനത്ത് വളരെ കുറവാണ്.
ഈ കാരണങ്ങളാല്‍ ജനവാസമേഖലകളെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കി സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാറിന്‍റെ പരിഗണനയിലാണ്. ഇതില്‍ അന്തിമ തീരുമാനം വരാനിരിക്കെയാണ് സുപ്രീംകോടതിയുടെ വിധി വന്നതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *