ബഫര്‍സോണ്‍ : ഫീല്‍ഡ് സര്‍വ്വേ ഉടന്‍

Kerala

സുപ്രീംകോടതിയില്‍ നല്‍കിയ ആധികാരിക രേഖ പുറത്തുവിടും . ഉപഗ്രഹ സര്‍വേ പരാതികള്‍ നല്‍കാനുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം : ബഫര്‍സോണ്‍ വിഷയത്തില്‍ ഫീല്‍ഡ്സര്‍വേ ഉടന്‍ തുടങ്ങാന്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് സുപ്രീംകോടതിയില്‍ നല്‍കിയ ആധികാരികരേഖ പുറത്തു വിടാനും തീരുമാനമായി.വിദഗ്ധസമിതിയുടെ കാലാവധി നീട്ടും.
നിലവില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാപ്പ് ആധികാരിക രേഖയല്ല.ഇതിലെ വിവരങ്ങളുടെ പേരിലാണ് ഇപ്പോള്‍ വിവാദങ്ങള്‍. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ പ്രസിദ്ധപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായത്.
ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതിയില്‍ സാവാകാശം തേടും. ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ടിന്മേല്‍ പരാതി നല്‍കാനുള്ള സമയപരിധി അടുത്ത മാസം അഞ്ച് വരെ നീട്ടി . പരാതി നല്‍കാനുള്ള സമയപരിധി ഈ മാസം 23 ന് തീരുകയായിരുന്നു. ഫീല്‍ഡ്സര്‍വേ അതിവേഗം തുടങ്ങും. ഇക്കാര്യങ്ങള്‍ ആലോചിക്കാന്‍ ഇന്ന് വനം, റവന്യൂ, തദ്ദേശ വകുപ്പുകളുടെ സംയുക്ത യോഗം ചേരും.
അതിനിടെ ബഫര്‍സോണിനെതിരെ തലസ്ഥാനത്തെ മലയോരമേഖലയിലും പ്രതിഷേധം. അമ്പൂരിയില്‍ ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സെന്‍റ്ജോര്‍ജ് പള്ളിയില്‍ നിന്ന് അമ്പൂരി ജംഗ്ഷന്‍ വരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ഫാ.ജേക്കബ് ചീരംവേലില്‍ നേതൃത്വം നല്‍കി.ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് തള്ളണമെന്നും ആശങ്കകള്‍ പരിഹരിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സര്‍ക്കാരിന്‍റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ബഫര്‍സോണ്‍ വിഷയത്തെ ഇത്രയും അപകടാവസ്ഥയില്‍ എത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *