ന്യൂഡല്‍ഹി : ബഫര്‍സോണ്‍ കരട് വിജ്ഞാപനത്തില്‍ ഇളവ് വേണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി.
ബഫര്‍ സോണ്‍ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട വിധി കേരളത്തില്‍ പല പ്രതിസന്ധികളും ഉണ്ടാക്കിയെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.ഈ ഘട്ടത്തിലാണ് കരട് വിജ്ഞാപനത്തില്‍ ഇളവ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞത്. വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയുമുള്ളതാണ് ഹര്‍ജികള്‍.
ഇന്നലെ കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. വിധിയില്‍ വ്യക്തത തേടിയുള്ള ഹര്‍ജികള്‍ തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി. കേന്ദ്രസര്‍ക്കാരിന്‍റെയും കേരള സര്‍ക്കാരിന്‍റെയും കര്‍ഷക സംഘടനകളുടെയും ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കും.
പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളെ ബഫര്‍സോണ്‍ വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് കേന്ദ്രത്തിന്‍റെ ആവശ്യം. ഹര്‍ജിയില്‍ കേരളവും കക്ഷിചേര്‍ന്നു.
കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയ കേരളത്തിലെ 22 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് നല്‍കണമെന്ന് കേരളവും ആവശ്യപ്പെടുന്നു. ജസ്റ്റിസ് ബി. ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.