ന്യൂഡല്‍ഹി : ബഫര്‍സോണില്‍ സമ്പൂര്‍ണ നിയന്ത്രണം പ്രായോഗികമല്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. ബഫര്‍സോണ്‍ വിഷയത്തില്‍ ഇളവ് തേടി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.ഹര്‍ജിയില്‍ കേരളത്തിന്‍റെ വാദം കോടതി ഇന്ന് കേള്‍ക്കും.ഇന്നലെ അമിക്കസ് ക്യൂറിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും വാദമാണ് സുപ്രീംകോടതി കേട്ടത്. നിരോധിക്കേണ്ടത് നിരോധിക്കണം. നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണം. സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. അന്തിമ, കരട് വിജ്ഞാപനങ്ങള്‍ വന്ന മേഖലയെ വിലക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സമ്പൂര്‍ണ നിയന്ത്രണം പ്രായോഗികമല്ലെന്ന നിരീക്ഷണം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണമല്ല ഉദ്ദേശിച്ചതെന്ന് കോടതി വാക്കാല്‍ പറഞ്ഞു. കേസില്‍ വാദം ഇന്നും തുടരും. മറ്റ്കക്ഷികളുടെയും വാദം കൂടി കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാനത്തുള്ള 17 വന്യജീവി സങ്കേതങ്ങളുടെയും ആറ് സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് കേരളത്തിന് വേണ്ടി ഹാജരാകുന്നത്.