ബഫര്‍സോണിലെ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ നീക്കി

Latest News

ഖനനത്തിന് വിലക്കുണ്ടാകും

ന്യൂഡല്‍ഹി: ബഫര്‍സോണ്‍ വിധിയില്‍ സുപ്രീം കോടതിയുടെ ഇളവ്. മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തി, ബഫര്‍ സോണുമായി ബന്ധപ്പെട്ട സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ കോടതി നീക്കി. ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. സംരക്ഷിത മേഖലയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഖനനത്തിന് വിലക്കുണ്ടാകും.2022 ജൂണ്‍ മൂന്നിന് സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവിലാണ് ഭേദഗതി വരുത്തിയത്. കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്ക് പുറമെ ഇതിനായി സര്‍ക്കാരിന്‍റെ പരിഗണനയിലിരിക്കുന്ന മേഖലകള്‍ക്ക് കൂടിയാണ് ഇളവ് നല്‍കിയിരിക്കുന്നത്. അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലുള്ള സംരക്ഷിത മേഖലകള്‍ക്കും നിയന്ത്രണത്തിന് ഇളവ് അനുവദിച്ചു. കേന്ദ്രസര്‍ക്കാര്‍ ഈ ആവശ്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഖനനം ഉള്‍പ്പടെ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയന്ത്രണങ്ങള്‍ ഈ മേഖലകളില്‍ തുടരുമെന്ന് കോടതി വ്യക്തമാക്കി. ഉത്തരവില്‍ ഭേദഗതി വരുത്തിയതോടെ കേരളത്തിലെ 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് ലഭിക്കും.
കേരളത്തിലെ 17 വന്യ ജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ ഉദ്യാനങ്ങളുടെയും ബഫര്‍സോണ്‍ സംബന്ധിച്ച ശുപാര്‍ശയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരളം നല്‍കിയത്. ഇതില്‍ ഒരെണ്ണത്തില്‍ അന്തിമവിജ്ഞാപനവും ഇറങ്ങിയിരുന്നു. ബഫര്‍സോണ്‍ വിധി കേരളത്തിലെ മലയോര മേഖലകളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ കേന്ദ്രം നല്‍കിയ വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ കേരളവും കക്ഷി ചേര്‍ന്നു. ജനങ്ങളെ കുടിയിറക്കിയുള്ള പ്രകൃതി സംരക്ഷണം സാധ്യമല്ലെന്നും ഇതില്‍ പിടിവാശിയില്ലെന്നും വാദത്തിനിടെ കോടതി നീരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *