ബന്ദിമോചനം: ഹമാസുമായി ചര്‍ച്ചക്ക് മൊസാദ് നേതൃത്വം ഖത്തറിലേക്ക്

Top News

ദോഹ: ഹമാസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് പറഞ്ഞ് കൈറോയിലെ സന്ധിസംഭാഷണത്തിന്‍റെ വാതിലുകള്‍ കൊട്ടിയടച്ച ഇസ്രായേല്‍, ഒടുവില്‍ പാരീസ് ചര്‍ച്ചക്ക് പിന്നാലെ ഖത്തറിലും ചര്‍ച്ച നടത്തും.ബന്ദിമോചനം ആവശ്യപ്പെട്ട് തെല്‍അവീവില്‍ പ്രതിഷേധം അതിരുവിട്ടതും ആഭ്യന്തരസമ്മര്‍ദവുമാണ് ഇസ്രായേലിനെ ചര്‍ച്ചക്ക് നിര്‍ബന്ധിതരാക്കിയത്.
ബന്ദിമോചനവും താല്‍ക്കാലിക വെടിനിര്‍ത്തലും ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്‍റെയും ആഭ്യന്തര സുരക്ഷാ സേനയായ ഷിന്‍ ബെറ്റിന്‍റെയും മേധാവികളാണ് ഖത്തറിലെ ചര്‍ച്ചയില്‍ പങ്കെടുക്കുക. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ മധ്യസ്ഥരായുണ്ടാകും. ഇന്നലെ രാത്രി ചേര്‍ന്ന ഇസ്രായേല്‍ യുദ്ധ മന്ത്രിസഭയാണ് പ്രതിനിധി സംഘത്തെ ഖത്തറിലേക്ക് അയയ്ക്കാന്‍ തീരുമാനമെടുത്തത്.
പാരീസില്‍ ആരംഭിച്ച ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഖത്തറില്‍ നടക്കുകയെന്ന് ഇസ്രായേല്‍ മാധ്യമങ്ങളും അല്‍ജസീറയും റിപ്പോര്‍ട്ട് ചെയ്തു. ഹമാസും ഇസ്രായേും തമ്മില്‍ കരാറുണ്ടാക്കാന്‍ സാധ്യതയുള്ളതായി ഇസ്രായേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാഖി ഹനെഗ്ബി ശനിയാഴ്ച ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
ദിവസവും ഓരോ ബന്ദിയെ വീതം വിട്ടയച്ചാല്‍ ആറാഴ്ച ഗസ്സയില്‍ വെടിനിര്‍ത്താമെന്നാണ് ഇസ്രായേല്‍ മുന്നോട്ട് വെച്ച നിര്‍ദേശമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്യായ തടങ്കലിലടച്ച 10000ലേറെ ഫലസ്തീനികളില്‍ നൂറോളം പേരെ ഇസ്രായേലും വിട്ടയക്കും.

Leave a Reply

Your email address will not be published. Required fields are marked *