തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റില്‍ നികുതി വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്ന് സൂചന നല്‍കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.കേന്ദ്രസര്‍ക്കാരില്‍ നിന്നും കേരളത്തിന് അര്‍ഹമായ നികുതി വിഹിതം ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ബഡ്ജറ്റില്‍ ന്യായമായ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന് വ്യക്തമാക്കി. ധനസമാഹരണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനാണ് കേന്ദ്രം നിര്‍ദേശിക്കുന്നതെന്നും എന്നാല്‍ സംസ്ഥാനം അതിന് തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്‍റെ എല്ലാ മേഖലയിലും നേട്ടങ്ങളുണ്ടാക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റിലുണ്ടാവുക. കിഫ്ബിയെ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള സമീപനമാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടായിവരുന്നത്. ഭരണപരമായ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ജനങ്ങളെല്ലാം ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പ്രശ്നങ്ങള്‍ മറികടക്കാമെന്നാണ് വിശ്വാസം. ജനങ്ങള്‍ക്ക് പരമാവധി വരുമാനവും തൊഴിലും ലഭ്യമാക്കുന്ന കാര്യങ്ങളാകും ബഡ്ജറ്റിലുണ്ടാവുകയെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാനത്തിന് എയിംസ് അടക്കമുള്ള ആധുനിക സംവിധാനങ്ങളുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
അതേസമയം സംസ്ഥാനത്തിന് എയിംസ് അനുവദിക്കാതെ തഴയുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിയോജിപ്പ് പ്രകടമാക്കിയിരുന്നു. എയിംസ് അനുവദിക്കുന്നതിനായുള്ള എല്ലാ യോഗ്യതകളും സംസ്ഥാനത്തിനുണ്ടെന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്കിന്‍റെ ഉദ്ഘാടനവേളയില്‍ അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലമായി കേരളത്തിന്‍റെ ആവശ്യമാണ് എയിംസ്. ഏത് മാനദണ്ഡപ്രകാരവും കേരളത്തിന് അനുവദിക്കേണ്ടതാണ്. എയിംസ് കേരളത്തിന് ലഭ്യമാക്കണം മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനം കാഴ്ചവെയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എയിംസ് ലഭ്യമാക്കുന്നതില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം പരമാര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുമായി കഴിഞ്ഞ തവണയുണ്ടായ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടായിരുന്നതായും എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ സംസ്ഥാനത്തിന് ഇടം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി തുടര്‍ന്നു. കാലതാമസം വരുത്താതെ തന്നെ എയിംസ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
