ചെന്നൈ: ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസമായി തമിഴ്നാട് സര്‍ക്കാറിന്‍റെ പ്രഖ്യാപനം. തമിഴ്നാട്ടില്‍ പെട്രോള്‍ വില മൂന്ന് രൂപ കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
നികുതിയിനത്തില്‍ മൂന്ന് രൂപ കുറക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിന്‍റെ നിര്‍ദേശപ്രകാരമാണ് വിലകുറക്കുന്നതെന്ന് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വന്നതിന് പിന്നാലെ എണ്ണകമ്പനികള്‍ വന്‍തോതില്‍ ഇന്ധനവില കൂട്ടിയിരുന്നു. പെട്രോള്‍ വില പല നഗരങ്ങളിലും ലിറ്ററിന് 100 രൂപയും കടന്ന് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ കുറവ് വരുത്താന്‍ എണ്ണകമ്പനികള്‍ തയാറായില്ല. ഇതിന് പുറമേ മറ്റ് പല ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകളുടെ ഗര്‍ഭകാല അവധി 12 മാസമായി വര്‍ധിപ്പിച്ചു. സ്ത്രീ സംരംഭകര്‍ക്ക് 2,756 കോടി രൂപ വായ്പ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ മുസ്ലിം പള്ളികളുടേയും ക്രിസ്ത്യന്‍ ചര്‍ച്ചുകളുടേയും അറ്റകൂറ്റപ്പണിക്കായി ആറ് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.