ബംഗാളില്‍ ഏഴാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Latest News

കോല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാം ഘട്ടം ഇന്നു ആരംഭിച്ചു. 34 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്. 284 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.മുന്‍ ഘട്ടങ്ങളിലെ സംഘര്‍ഷം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വിവിധ മണ്ഡലങ്ങളിലായി 796 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. നാലാം ഘട്ടം തെരഞ്ഞെടുപ്പിനിടെ കുച്ച്ബെഹാറില്‍ സിഐഎസ്എഫിന്‍റെ വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സിറ്റിംഗ് സീറ്റായ ഭവാനിപുരില്‍ ഇന്നാണു തെരഞ്ഞെടുപ്പ്. ഭവാനിപുര്‍ ഉപേക്ഷിച്ചാണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്.
സംസ്ഥാന വൈദ്യുതി മന്ത്രി സോബന്‍ദേബ് ഭട്ടാചാര്യ ആണ് ഇത്തവണ ഭവാനിപുരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. നടന്‍ രുദ്രാനീല്‍ ഘോഷ് ആണ് ബിജെപി സ്ഥാനാര്‍ഥി. ഏതാനും മാസം മുമ്പാണ് ഘോഷ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മന്ത്രി ഫിര്‍ഹാദ് ഹക്കിം കോല്‍ക്കത്ത പോര്‍ട്ട് മണ്ഡലത്തില്‍ ഹാട്രിക് വിജയം തേടി മത്സരിക്കുന്നു.സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഡ്ഷോയും വാഹനറാലികളും നിരോധിച്ചിട്ടുണ്ട്.
പൊതുയോഗങ്ങളില്‍ അഞ്ഞൂറില്‍ താഴെ ആളുകളെ മാത്രമേ പങ്കെടുക്കാവൂ. നിശബ്ദ പ്രചാരണം 48 മണിക്കൂറില്‍നിന്ന് 72 മണിക്കൂറായി ഉയര്‍ത്തി.ഇന്നു വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന ഷംഷേര്‍ഗഞ്ച്, ജംഗിപുര്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. സ്ഥാനാര്‍ഥികളുടെ നിര്യാണത്തെത്തുടര്‍ന്നാണിത്. ഈ മണ്ഡലങ്ങളില്‍ മേയ് 16നു തെരഞ്ഞെടുപ്പ് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *