കൊച്ചി: ഇലന്തൂരില്‍ രണ്ടുസ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലെ മുഖ്യസൂത്രധാരനും ഗുണഭോക്താവും മുഹമ്മദ് ഷാഫി. പെരുമ്പാവൂര്‍ സ്വദേശിയായ ഷാഫി പത്തുവര്‍ഷത്തിലേറെയായി അവിടം വിട്ടിട്ട്. ഒന്നരവര്‍ഷമായി കുടുംബസമേതം എറണാകുളം ഗാന്ധി നഗറിലാണ് താമസം. ഫെയ്സ്ബുക്കില്‍ മറ്റൊരു പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഭഗവല്‍സിംഗിനെ പരിചയപ്പെട്ട ഇയാള്‍ സ്വയം സിദ്ധനായി പിന്നീട് രംഗത്തുവരികയും കൊലപാതകങ്ങള്‍ക്ക് വഴിയൊരുക്കുകയുമായിരുന്നു. അതുവഴി ലക്ഷങ്ങള്‍ സമ്പാദിക്കുകയും ചെയ്തു.
ശ്രീദേവി എന്ന പേരിലായിരുന്നു ഷാഫിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട്. ഇതുപയോഗിച്ച് ഭഗവല്‍സിംഗും ഭാര്യ ലൈലയുമായി അടുത്ത ബന്ധമുണ്ടാക്കി. ഭഗവല്സിഗിന്റെ താല്‍പ്പര്യങ്ങള്‍ മനസിലാക്കിയ ഷാഫി, പെരുമ്പാവൂരില്‍ ഒരു സിദ്ധനുണ്ടെന്നും റഷീദ് എന്നാണ് പേരെന്നും റഷീദിലൂടെ കുടുംബത്തിന് സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും വിശ്വസിപ്പിച്ചു. അത്തരത്തില്‍ നേട്ടമുണ്ടാക്കിയയാളാണ് ശ്രീദേവി എന്നും വിശ്വസിപ്പിച്ചു. അതിലെ വാസ്തവമറിയാന്‍ ഭഗവല്‍സിംഗ് ശ്രീദേവിയുടെ അക്കൗണ്ടിലേക്ക് സന്ദേശമയച്ചു.
അതിന് മറുപടി നല്‍കിയത് ഷാഫിയാണെന്ന് ഭഗവല്‍സിംഗ് അറിഞ്ഞില്ലെന്ന് മാത്രം. തുടര്‍ന്ന് ശ്രീദേവി എന്ന അക്കൗണ്ടിലൂടെ റഷീദ് എന്ന പേരില്‍ ഷാഫി സ്വന്തം ഫോണ്‍ നമ്പര്‍ ഭഗവല്‍സിംഗിന് നല്കി. നരബലി നടത്തണമെന്ന് നിര്‍ദ്ദേശിച്ചതും പിന്നീട് രണ്ട് സ്ത്രീകളെ അതിനായി എത്തിച്ചതും ഷാഫിയാണ്.