ഫുട്ബോള്‍ താരവും കോച്ചുമായ
ഫൗസിയ മാമ്പറ്റ അന്തരിച്ചു

Sports

കോഴിക്കോട്: കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോള്‍ താരങ്ങളിലൊരാളും ആദ്യ വനിതാ ഫുട്ബോള്‍ പരിശീലകയുമായ ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. കോഴിക്കോട് നടക്കാവ് ജിവിഎച്ച്എസ്എസ് സ്കൂളിലെ ഫുട്ബോള്‍ പരിശീലകയായിരുന്നു ഫൗസിയ. കാന്‍സര്‍ ബാധിതയായിരുന്നു. നടക്കാവ് സ്കൂളില്‍ ഹാന്‍ഡ് ബോള്‍ താരമായാണ് ഫൗസിയ കായിക ജീവിതം തുടങ്ങിയത്. വെയ്റ്റ്ലിഫ്റ്റിംഗിലും ഹോക്കിയിലും ജൂഡോയിലും ഫൗസിയ മാറ്റുരച്ചു. വെയ്റ്റ് ലിഫ്റ്റിംഗില്‍ സംസ്ഥാനചാമ്പ്യന്‍, പവര്‍ ലിഫ്റ്റിംഗില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ്ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിങ്ങനെയായിരുന്നു ഫൗസിയയുടെ കായിക രംഗത്തെ പ്രകടനങ്ങള്‍.പിന്നീട് ഫുട്ബോളിലേക്ക് കളംമാറ്റിയ ഫൗസിയ ദേശീയ ഗെയിംസ് വനിതാ ഫുട്ബോളില്‍ കേരളത്തിന്‍റെ ഗോള്‍കീപ്പറായിരുന്നു. കോല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലെ മിന്നും സേവുകള്‍ പ്രകടനം ശ്രദ്ധനേടിയിരുന്നു. 2013ല്‍ സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ ആദ്യമായി പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരയിനമാക്കിയതിനു പിന്നില്‍ ഫൗസിയയാണു പ്രവര്‍ത്തിച്ചത്.2002 മുതല്‍ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ കീഴില്‍ കരാറടിസ്ഥാനത്തില്‍ കോച്ചായി പ്രവര്‍ത്തനം തുടങ്ങി. 2003ല്‍ കോഴിക്കോട് നടക്കാവ് സ്കൂളിലെ ഫുട്ബോള്‍ ടീം പരിശീലകയായി ചുമതലയേറ്റു. ആദ്യ വര്‍ഷം തന്നെ കേരളാടീമിലേക്ക് ജില്ലയില്‍ നിന്ന് നാലുപേരെയാണ് ഫൗസിയ നല്‍കിയത്. ദേശീയ ടീമിലും ഫൗസിയയുടെ ശിഷ്യര്‍ ഇടം കണ്ടെത്തി. 2005ല്‍ ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ കേരളം മൂന്നാം സ്ഥാനം നേടിയപ്പോള്‍ ഫൗസിയ കോച്ചായിരുന്നു. 2006ല്‍ ഒഡിഷയില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്‍റെ അസിസ്റ്റന്‍റ് കോച്ചും ഫൗസിയയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *