തിരുവനന്തപുരം : ‘തെളിനീരൊഴുകും നവകേരളം’ ക്യാമ്പയിന്‍റെ തുടര്‍ച്ചയായി ശാസ്ത്രീയ ദ്രവമാലിന്യ പരിപാലനത്തിന്‍റേയും, ജലസ്രോതസുകള്‍ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്‍റേയും പ്രാധാന്യത്തെകുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ശുചിത്വമിഷന്‍റെ ആഭിമുഖ്യത്തില്‍ മലംഭൂതം എന്ന പേരില്‍ സംഘടിപ്പിക്കുന്ന വിവര-വിജ്ഞാന-വ്യാപന ക്യാമ്പയിന്‍റെ ഔദ്യോഗിക പ്രഖ്യാപനം തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിര്‍വ്വഹിച്ചു.
ജലസ്രോതസുകള്‍ മലിനമായികൊണ്ടിരിക്കുന്ന അപകടകരമായ സ്ഥിതിയിലാണുള്ളതെന്നും ഇതു മറികടക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ ബോധവല്‍ക്കരിച്ച് കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ള മലിനജല സംസ്ക്കരണ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. ഇതിനുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്ന മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ ഫണ്ട് സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും പറഞ്ഞു.തിരുവനന്തപുരം നഗരസഭയുടെ മുട്ടത്തറയിലെ മലിനജല സംസ്കരണ പദ്ധതി മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണെന്നും പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നേരില്‍ കാണുന്നത് ഉചിതമായിരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മലംഭൂതം ക്യാമ്പയിന്‍ ലോഗോ പ്രകാശനവും ബോധവല്‍ക്കരണ വീഡിയോ റിലീസും മന്ത്രി നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ‘അദൃശ്യം’ എന്ന പേരില്‍ ശുചിത്വ മിഷന്‍ സംഘടിപ്പിച്ച പോസ്റ്റര്‍ തയാറാക്കല്‍ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള ക്യാഷ് പ്രൈസ് വി കെ പ്രശാന്ത് എം.എല്‍.എ കൈമാറി. ക്യാമ്പയിന് സാമ്പത്തിക സാങ്കേതിക പിന്തുണ ലഭ്യമാക്കുന്ന യൂണിസെഫ്, വാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്ത് കാമ്പയിന്‍ ബോധവത്കരണ ടൂളുകളുടെ പ്രകാശനം നിര്‍വഹിച്ചു.
ക്യാമ്പയിന്‍ സന്ദേശം ജനങ്ങളുടെ മനസ്സില്‍ പതിയുന്നതിനും അത് വഴി മലിനീകരണത്തിന് ഇടയാക്കുന്ന പ്രവര്‍ത്തനങ്ങളെ തടയുന്നതിനും വാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് പിന്തുണയോടെ ശുചിത്വ മിഷന്‍ തയാറാക്കിയ മാസ്കോട്ട്, ആനിമേഷന്‍ വീഡിയോ എന്നിവയുടെ പ്രകാശനവും നടത്തി. ശുചിത്വമിഷന്‍റെ നേതൃത്വത്തില്‍ കര്‍ണ്ണാടകയിലെ ദേവനഹള്ളിയിലുള്ള ഫിക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിലേക്ക് നടത്തിയ സന്ദര്‍ശനത്തിന്‍റെ അനുഭവം കാസര്‍കോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ധന്യ പങ്കുവച്ചു.