ലണ്ടന്‍: കഴിഞ്ഞ ദിവസം അന്തരിച്ച ഫിലിപ് രാജകുമാരന് ബ്രിട്ടന് വിട നല്കി. വിന്‍സര്‍ കാസിലിലെ സെന്റ് ജോര്‍ജ്സ് ചാപ്പലില്‍ നടന്ന സംസ്കാരച്ചടങ്ങുകള്‍ക്കു മുന്നോടിയായി രാജ്യം ഒരു നിമിഷം എഡിന്‍ബറ പ്രഭുവിന് വേണ്ടി മൗനമാചരിച്ചു. കാന്റര്‍ബറി ആര്‍ച്ച്ബിഷപ് ജസ്റ്റിന് വെല്‍ബിയുടെയും വിന്‍സര്‍ ഡീന്‍ ആയ ഡേവിഡ് കോണറുടെയും കാര്‍മികത്വത്തില്‍ പ്രാര്‍ഥനകളോടെ ഒരു മണിക്കൂറിനുള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയായി.ഭര്‍ത്താവിന്റെ സംസ്കാരച്ചടങ്ങിലും പ്രാര്‍ഥനകളിലും തനിച്ചാണ് എലിസബത്ത് രാജ്ഞി പങ്കുകൊണ്ടത്. രാജകുടുംബാംഗങ്ങളെല്ലാം സന്നിഹിതരായിരുന്നെങ്കിലും അവരില്‍ നിന്ന് അകലം പാലിച്ച്, കറുത്ത വേഷവും മുഖാവരണവുമണിഞ്ഞ് രാജ്ഞി ചാപ്പലില്‍ ഒറ്റയ്ക്കിരുന്ന് പ്രാര്‍ഥനകളില്‍ പങ്കെടുത്തു. കുടുംബ കല്ലറയിലേക്കു ഫിലിപ് രാജകുമാരന്റെ ഭൗതികശരീരമടക്കം ചെയ്ത പെട്ടി താഴ്ത്തിയതിനുശേഷമാണ് രാജ്!ഞി ചാപ്പലില്‍നിന്നു പുറത്തിറങ്ങിയത്. മറ്റു രാജകുടുംബാംഗങ്ങളും അവരെ അനുഗമിച്ചു.സംസ്കാരച്ചടങ്ങില്‍ മകന് ചാള്‍സ് രാജകുമാരന് അടക്കം മുപ്പതോളം രാജകുടുംബാംഗങ്ങളാണ് പങ്കെടുത്തത്. കൊച്ചുമക്കളായ വില്യമും ഹാരിയും സന്നിഹിതരായിരുന്നു.
ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന ഹാരി സഹോദരന് വില്യമും ഭാര്യ കേറ്റും ആയി ഏറെ നാളുകള്‍ക്ക് ശേഷം സംസാരിച്ചതും മാധ്യമശ്രദ്ധ നേടി. രാജകുടുംബത്തില്‍ നടക്കുന്ന വിവേചനങ്ങളെ കുറിച്ച് ഹാരിയും ഭാര്യ മേഗനും തുറന്നടിച്ചത് സംബന്ധിച്ച വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. 99ാം വയസ്സില്‍ ഈമാസം ഒമ്പതിനായിരുന്നു ഫിലിപിന്റെ മരണം. ബ്രിട്ടനിലെ ആറാം ജോര്‍ജ് രാജാവിന്റെ മൂത്തമകളായ എലിസബത്തുമായി 1947 നവംബറിലായിരുന്നു വിവാഹം.
ഗ്രീസിലെയും ഡെന്മാര്ക്കിലെയും രാജകീയ പദവികള്‍ ഉപേക്ഷിച്ച് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ശേഷമാണ് ഫിലിപ് എലിസബത്തിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിനുശേഷം ജോര്‍ജ് ആറാമന്‍ രാജാവ് അദ്ദേഹത്തിനു എഡിന്‍ബറ പ്രഭു എന്ന പുതിയ പദവി നല്‍കുകയായിരുന്നു.
