ഫിഫ റാങ്കിംഗില്‍ ഇന്ത്യ ആദ്യ നൂറില്‍

Top News

സൂറിച്ച്: ഫിഫ റാങ്കിംഗില്‍ വീണ്ടും ആദ്യ 100ല്‍ തിരിച്ചെത്തി ഇന്ത്യന്‍ ഫുട്ബോള്‍ ടീം. പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം ഉയര്‍ന്ന് നൂറാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം. 2018 മാര്‍ച്ചില്‍ 99-ാം സ്ഥാനത്തെത്തിയ ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗാണിത്.
ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പിലെ കിരീട നേട്ടവും സാഫ് കപ്പിലെ മികച്ച പ്രകടനവുമാണ് ഇന്ത്യയെ ആദ്യ നൂറില്‍ തിരിച്ചെത്താന്‍ സഹായിച്ചത്. ഭുബനേശ്വറില്‍ നടന്ന ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പില്‍ റാങ്കിംഗില്‍ മുന്നിലുള്ള ലെബനനെനും കിര്‍ഗിസ്ഥാനെയും കീഴടക്കിയായിരുന്നു ഇന്ത്യ കിരീടം നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേക്കാലയളവില്‍ ഇന്ത്യ 104-ാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ വിയറ്റ്നാമിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റശേഷം പിന്നീട് കളിച്ച ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവും രണ്ട് സമനിലയുമായി അപരാജിത കുതിപ്പാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയില്‍ കഴിഞ്ഞ നാലു വര്‍ഷമായി പരാജയമറിഞ്ഞിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കും സംഘത്തിനുമായി. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ നാലു വര്‍ഷം മുമ്പ് ഒമാനോടാണ് ഇന്ത്യ നാട്ടില്‍ അവസാനമായി തോറ്റത്(2-1). 2018 ഓഗസ്റ്റില്‍ 96-ാം സ്ഥാനത്ത് എത്തിയതാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗ്.ഫിഫ റാങ്കിംഗില്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്‍റീന ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ് രണ്ടാം സ്ഥാനത്തുണ്ട്. ബ്രസീല്‍ ആണ് മൂന്നാമത്. ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ബെല്‍ജിയം അഞ്ചാം സ്ഥാനത്തുമാണ്. ക്രൊയേഷ്യ, നെതര്‍ലന്‍ഡ്സ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍ ടീമുകളാണ് ആദ്യ പത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *