ന്യൂഡല്‍ഹി: വസ്തുതാ പരിശോധന (ഫാക്ട് ചെക്ക്) യൂനിറ്റ് രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്‍റെ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു.ഐ.ടി ചട്ടങ്ങളിലെ 2023-ലെ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹരജികളില്‍ ബോംബെ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുന്നത് വരെ സ്റ്റേ നിലനില്‍ക്കും. ഏപ്രില്‍ 15നാണ് ബോംബെ ഹൈക്കോടതി ഇനി കേസ് പരിഗണിക്കുന്നത്. വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകം അത് സ്റ്റേ ചെയ്തത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയായി.ഈ വിഷയം ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. എന്നാല്‍, കേസിന്‍റെ മെറിറ്റിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കോടതി വ്യക്തമാക്കി.കേന്ദ്ര ഇലക്ട്രോണിക്സ് – ഐടി മന്ത്രാലയം ഇന്നലെയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്ക് (പി.ഐ.ബി) കീഴിലുള്ള ഫാക്ട് ചെക്കിങ് യൂനിറ്റിന് (എഫ്.സി.യു) കേന്ദ്ര സര്‍ക്കാറുമായും അതിന്‍റെ ഏജന്‍സികളുമായും ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ കണ്ടെത്താന്‍ അധികാരമുള്ള നിയമപരമായ ബോഡിയായി വിജ്ഞാപനം ചെയ്തത്. കേന്ദ്ര നയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാന്‍ വസ്തുതാ പരിശോധന യൂനിറ്റിന് അധികാരം നല്‍കിയിരുന്നു.