മലപ്പുറം: ഫാം ഹൗസിന്‍റെ മറവില്‍ എം.ഡി.എം.എ വില്‍പന നടത്തിയതിന് മൂന്ന് പേര്‍ പിടിയില്‍. കാവനൂര്‍ സ്വദേശി മുഹമ്മദ് കാസിം, മമ്പാട് പൊങ്ങല്ലൂര്‍ സ്വദേശി ഷമീം , ആമയൂര്‍ സ്വദേശി സമീര്‍ എന്നിവരാണ് പിടിയിലായത്. അരീക്കോട് ഫാം നടത്തുന്നതിന്‍റെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്ന് വില്‍പന നടത്തിവരുകയായിരുന്നു മൂവരുമെന്ന് എക്സൈസ് സംഘം പറഞ്ഞു.
കാസിമിന്‍റെ ഉടമസ്ഥതയിലുള്ള ഫാമില്‍ താമസിക്കുന്ന മറ്റു രണ്ട് പേരാണ് ഇയാള്‍ ഏല്‍പ്പിക്കുന്ന മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്. ഇവരുടെ ഫാമില്‍ നടത്തിയ പരിശോധനയില്‍ 52 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. തുടര്‍ന്ന് കാസിമിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 90 ഗ്രാമും കണ്ടെത്തി.
എക്സൈസ് കമീഷനറുടെ ഉത്തരമേഖല സ്ക്വാഡും മലപ്പുറം ഇന്‍റലിജന്‍സ് ബ്യൂറോയും മഞ്ചേരി റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂവര്‍ സംഘം വലയിലായത്. മഞ്ചേരി റേഞ്ച് ഇന്‍സ്പെക്ടര്‍ ഇ.ടി. ഷിജു, എക്സൈസ് കമീഷനറുടെ ഉത്തര മേഖല സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പി.കെ. മുഹമ്മദ് ഷഫീഖ്, ടി. ഷിജുമോന്‍, പ്രിവന്‍റിവ് ഓഫിസര്‍ കെ.എം. ശിവപ്രകാശ്, പ്രിവന്‍റിവ് ഓഫിസര്‍ ഗ്രേഡുമാരായ മുഹമ്മദാലി, സുഭാഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രാജന്‍ നെല്ലിയായി, ജിഷില്‍ നായര്‍, ഇ. അഖില്‍ ദാസ്, കെ. സച്ചിന്‍ദാസ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ കെ. ധന്യ, എക്സൈസ് ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.