ന്യൂഡല്‍ഹി്യു: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി രംഗത്ത്. കനത്ത മഴയില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നതിനെ തുടര്‍ന്നായിരുന്നു വരുണിന്‍റെ പ്രതികരണം. മഴ നാശം വിതയ്ക്കുമ്പോള്‍ പൗരന്മാര്‍ സ്വന്തം കാര്യം സ്വയം നോക്കണമെങ്കില്‍ പിന്നെ എന്തിനാണ് ഒരു ഭരണസംവിധാനമെന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ ചോദ്യം.
വരുണ്‍ ഗാന്ധിയുടെ മണ്ഡലമായ പിലിബിതില്‍ കനത്ത മഴ നാശം വിതച്ചിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി പെയ്ത മഴയില്‍ ബറേലി, പിലിബിത് ജില്ലകളിലായി മൂന്നുപേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 100ഓളം പേരുടെ വീടുകള്‍ നഷ്ടമാകുകയും ചെയ്തിരുന്നു. വെള്ളപ്പൊക്കത്തില്‍ വിള നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വരുണ്‍ ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിരുന്നു. ബി.ജെ.പി എം.പിയാണെങ്കിലും വരുണ്‍ ഗാന്ധി ഇപ്പോള്‍ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. കര്‍ഷകസമരം, യു.പി ലഖിംപുര്‍ ഖേരി കര്‍ഷക കൊല എന്നിവയുമായി ബന്ധപ്പെട്ട് ബി.ജെ.പിയോട് കടുത്ത അതൃപ്തിയാണ് വരുണിനുള്ളത്.