ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) ആസാമിന്റെ ഭാഷയ്ക്കും ചരിത്രത്തിനും സംസ്കാരത്തിനും നേര്‍ക്കുള്ള ആക്രമണമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി സംസ്ഥാനത്ത് സിഎഎ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും തേയിലത്തോട്ട തൊഴിലാളികള്‍ക്ക് മിനിമം 365 രൂപ വേതനം നല്‍കുമെന്ന് ഉറപ്പ് നല്‍കുയും ചെയ്തു. ട്വിറ്ററില്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടായാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ചൊവ്വാഴ്ച രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആസാമില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ മോശം കാലാവസ്ഥ മൂലം അദ്ദേഹത്തിന് എത്താന്‍ സാധിച്ചില്ല. മൂന്ന് ഘട്ടമായാണ് ആസാമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ 27 ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നു. രണ്ടും മൂന്നും ഘട്ടങ്ങള്‍ യഥാക്രമം ഏപ്രില്‍ ഒന്ന്, ആറ് തീയതികളില്‍ നടക്കും.