ബ്യൂണസ് ഐറിസ്: പ്ലാസ്റ്റിക്ക് സര്‍ജറി കാരണമുണ്ടായ ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് അര്‍ജന്‍റീനിയന്‍ നടിയ്ക്ക് അകാലമരണം. നടിയും മോഡലുമായ സില്‍വിന ലൂണ(43) കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയായിരുന്നു.
സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് 2011ല്‍ സില്‍വന പ്രത്യേക ശസ്ത്രക്രിയ നടത്തുകയും പിന്നാലെ വൃക്കയ്ക്ക് തകരാര്‍ സംഭവിക്കുകയുമായിരുന്നു. വെള്ളിയാഴ്ച സില്‍വിനയുടെ നില വഷളായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റി.
അനിബല്‍ ലോടാക്കി എന്ന കോസ്മറ്റിക്ക് സര്‍ജനാണ് സില്‍വിനയുടെ ശസ്ത്രക്രിയ നടത്തിയതെന്നും നടിയുടെ ശരീരത്തില്‍ പോളിമീഥൈല്‍ മെത്തക്രൈലേറ്റ് എന്ന ദ്രാവകം പ്രയോഗിച്ചിട്ടുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ഈ ദ്രാവകം ശരീരത്തില്‍ കുത്തിവെച്ച് ദിവസങ്ങള്‍ക്കകം തന്നെ ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ആരംഭിച്ചു.അര്‍ജന്‍റീനയുടെ നാഷണല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് ഡ്രഗ്സ്, ഫുഡ് ആന്‍ഡ് മെഡിക്കല്‍ ടെക്നോളജി നിരോധിച്ച രാസവസ്തുവാണിത്. ലോടാക്കിക്കെതിരെ സില്‍വിനയടക്കം നാലു സ്ത്രീകള്‍ നല്‍കിയ പരാതിക്ക് പിന്നാലെ നാലു വര്‍ഷം തടവിന് കോടതി വിധിച്ചിരുന്നു.