കൊച്ചി : പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി.കേന്ദ്രനിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്‍റെ നടപടി.സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പൂര്‍ണമായി തടഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അറുപത് ജി എസ് എമ്മിന് മുകളിലുളള നോണ്‍ വൂവണ്‍ ക്യാരി ബാഗുകള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ അടുത്തയിടെ നിയമഭേദഗതി കൊണ്ടുവന്നു. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന പുനരുപയോഗ സാധ്യതയുളള ക്യാരി ബാഗുകളാണ് അറുപത് ജി എസ് എമ്മിന് മുകളില്‍ വരിക.കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവിന് നിയമപരമായി പ്രസക്തിയില്ല എന്നായിരുന്നു ഹൈക്കോടതിയിലെ ഹര്‍ജിയിലെ പ്രധാന വാദം. ഇത്തരം ക്യാരിബാഗ് നിര്‍മാതാക്കളും ചില സ്വകാര്യ വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്. കേന്ദ്ര നിയമഭേദഗതി നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവിന് പ്രസക്തിയില്ലെന്ന കണ്ടെത്തലോടെയാണ് നിരോധനം റദ്ദാക്കിയത്.