പ്ലസ് വണ്‍ പ്രവേശനത്തില്‍ അധിക ബാച്ച് അനുവദിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി

Kerala Uncategorized

തിരുവനന്തപുരം പ്ലസ് വണ്‍ പ്രവേശനത്തില്‍ അധിക ബാച്ച് അനുവദിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി അധിക ബാച്ചിന് അനുമതി നല്‍കാന്‍ അനുവദിക്കുന്നില്ല. രണ്ടാംഘട്ട അലോട്ട്മെന്‍റിന് ശേഷം സ്ഥിതി വിലയിരുത്തുമെന്ന് പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
പ്ലസ് വണ്ണിന് ഏഴു ജില്ലകളില്‍ 20 ശതമാനം സീറ്റ് അനുവദിച്ചു. പ്രവേശനം നല്‍കാനാകുക 4.25 ലക്ഷം പേര്‍ക്കെന്നും മന്ത്രി അറിയിച്ചു. 71,230 മെറിറ്റ് സീറ്റ് ഒന്നാം അലോട്ട്മെന്‍റിന് ശേഷം ഒഴിവുണ്ട്. 16,650 പേര്‍ കഴിഞ്ഞവര്‍ഷം പ്രവേശനം ലഭിച്ചിട്ടും ചേര്‍ന്നില്ല. പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്ബോള്‍ മലപ്പുറത്ത് 1160 സീറ്റുകള്‍ മാത്രമേ കുറവുണ്ടാകൂ. കോഴിക്കോട് 416 ഉം വയനാട് 847 സീറ്റുകളുടേയും കുറവ് മാത്രമാണ് ഉണ്ടാകുകയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സ്പോര്‍ട്സ് ക്വാട്ട അടക്കമുള്ളവയില്‍ ഒഴിവ് വരുന്ന സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റും. അഞ്ചു വര്‍ഷത്തെ ശരാശരി നോക്കുമ്പോള്‍ 90.5 ശതമാനം പേര്‍ മാത്രമാണ് തുടര്‍പഠനത്തിന് അപേക്ഷിക്കുന്നത്. ആകെ 3,85,530 സീറ്റുകളുണ്ട്. ആദ്യ അലോട്ട് മെന്‍റ് വഴി 2,01,450 സീറ്റുകള്‍ പ്ലസ് വണ്ണിന് നല്‍കി. രണ്ടാം അലോട്ട്മെന്‍റിനായി 1,92,859 സീറ്റുകള്‍ ബാക്കിയുണ്ട്. എന്നാല്‍ 1,59,840 അപേക്ഷകരേയുള്ളൂ. 33,119 സീറ്റുകള്‍ മിച്ചം വരുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പ്രവേശനത്തിന് അഡീഷണല്‍ ബാച്ചുകള്‍ അനിവാര്യമെന്നും ശാസ്ത്രീയമായി പഠിച്ച് ആവശ്യമുള്ളിടത്ത് സീറ്റുകള്‍ നല്‍കണമെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു. അപേക്ഷയുടെ എണ്ണമാണ്, പ്രവേശനത്തിന്‍റെ തോതല്ല, കണക്കാക്കേണ്ടത്. ഹെലികോപ്റ്ററിന് നല്‍കുന്ന വാടക ഉപയോഗിച്ചെങ്കിലും സീറ്റ് കൂട്ടണം. ബാച്ചുകള്‍ പുനഃക്രമീകരിച്ച് പ്രശ്നം പരിഹരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *