കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിന് ഉമ്മന്‍ ചാണ്ടിയുമായി ആലോചിക്കാനുളള ബാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല. തങ്ങള്‍ പാര്‍ട്ടിയെ നയിച്ചപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷ പ്രയോഗിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കോട്ടയം ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്നുപറഞ്ഞ് കണ്ണടയ്ക്കുന്നത് ശരിയല്ല. പതിനേഴ് വര്‍ഷം താനും ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ചു. ആ കാലഘട്ടത്തില്‍ പാര്‍ട്ടി വിജയങ്ങളില്‍നിന്ന് വിജയങ്ങളിലേക്ക് കുതിക്കുകയായിരുന്നു. ഇഷ്ടമില്ലാത്തവരെ പോലും ഒന്നിച്ചുകൊണ്ടുപോയി. ധാര്‍ഷ്ട്യത്തിന്റെ ഭാഷ പ്രയോഗിച്ചിട്ടില്ല. അഹങ്കാരത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല.
തന്റെ അഭിപ്രായം കേട്ടില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയെ മാറ്റിനിര്‍ത്തരുതെന്ന് ചെന്നിത്തല പറഞ്ഞു. എഐസിസി സെക്രട്ടറിയായ ഉമ്മന്‍ ചാണ്ടിയോട് ആലോചിക്കാനുള്ള ബാധ്യത കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരുടേയും വികാരമാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ ആര്ക്കുകഴിയുമെന്നും മുന്‍ പ്രതിപക്ഷ നേതാവ് ചോദിച്ചു.
അച്ചടക്ക ലംഘന നടപടികള്‍ക്ക് മുന്‍കാല പ്രാബല്യമുണ്ടായിരുന്നെങ്കില്‍ എത്രപേര്‍ പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നെന്നും ചെന്നിത്തല ചോദിച്ചു.
