തൃശൂര്‍: താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും നിക്ഷേപകര്‍ എല്ലാവരുടേയും പണം തിരികെ നല്‍കുമെന്നും സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണ.ഒരു ചെടി നട്ട് പ്രൊഡ്ക്ട് ആയിട്ടാണ് റിസള്‍ട്ട് നല്‍കുന്നത്. എന്നാല്‍ അത് പകുതിയില്‍ വച്ച് വെട്ടിക്കളയരുത്. ബിസിനസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് കസ്റ്റഡിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകവേ പ്രവീണ്‍ റാണ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊള്ളാച്ചിയില്‍ അറസ്റ്റിലായ പ്രവീണിനെ ഇന്നലെ തൃശൂരില്‍ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
അതിനിടെ, ചെലവന്നൂരില്‍ ഫ്ളാറ്റില്‍ നിന്നും രക്ഷപ്പെടുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.32 നാണ് അംഗരക്ഷകര്‍ക്കും സുഹൃത്തിനുമൊപ്പം ലിഫ്ട് വഴി പുറത്തേക്ക് പോകുന്നത്. ഈ സമയം മറ്റൊരു ലിഫ്ട് വഴി ഫ്ളാറ്റില്‍ എത്തിയ പോലീസ് പ്രവീണ്‍ റാണയ്ക്കു വേണ്ടി തിരച്ചില്‍ നടത്തുകയാണ്.താഴെയെത്തിയ പ്രവീണും സംഘവും കാറില്‍ കയറി പുറത്തേക്ക് പോകുകയാണ്. കറുത്ത വേഷമാണ് പ്രവീണ്‍ റാണ ഈ സമയം ധരിച്ചിരുന്നത്. ഈ വേഷത്തിലാണ് പൊള്ളാച്ചിയിലെ ക്വാറിയില്‍ നിന്ന് പിടികൂടുന്നതും.