മാന്നാര്‍ :പ്രവാസിയുടെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് സ്വര്‍ണ-വജ്രാഭരണ കവര്‍ച്ച നടത്തിയ മൂന്നുപേര്‍ പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് സല്‍മാന്‍ (34), ആരീഫ് (30), റിസ്വാന്‍ സൈഫി (27) എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. യുപി, തെലങ്കാന എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. റിയാസത്ത് അലി (34), മുഹമ്മദ് ഹസര്‍ (40) എന്നിവര്‍ ഒളിവിലാണ്.ഒരുമാസം മുമ്പ് പ്രവാസിയായ കുട്ടമ്പേരൂര്‍ രാജശ്രീ രാജശേഖരന്‍പിള്ളയുടെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളടക്കം ഒരുകോടിയോളം രൂപയാണ് നഷ്ടമായത്. സംഭവത്തെത്തുടര്‍ന്ന് പ്രത്യേക അന്വേഷകസംഘം രൂപീകരിച്ച് മൂന്നായി തിരിഞ്ഞ് പ്രതികള്‍ക്കായി അന്വേഷണം നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും എല്ലാം വിരല്‍ചൂണ്ടിയത് അന്യസംസ്ഥാന കുറ്റവാളികളിലേക്കായിരുന്നു. തുടര്‍ന്ന് മാന്നാര്‍ എസ്എച്ച്ഒ ജോസ് മാത്യുവിന്‍റെയും എസ്ഐ സി എസ് അഭിരാമിന്‍റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം യുപിയിലേക്ക് പോയി. ഉത്തര്‍പ്രദേശിലെ ബിജിനൂര്‍ ജില്ലയിലെ ഗ്രാമമായ ശിവാലയില്‍നിന്ന് ഏറെ ക്ലേശം സഹിച്ചാണ് മുഹമ്മദ് സല്‍മാനെ പിടികൂടിയത്.പിടിയിലായ ആരിഫ് മോഷണം നടന്ന വീടുകള്‍ക്ക് 200 മീറ്റര്‍ അടുത്ത് ജെന്‍റ്സ് ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്നു. വീട് അടഞ്ഞുകിടക്കുന്ന വിവരം ആരിഫ് മുഖാന്തരമാണ് മറ്റ് പ്രതികള്‍ അറിഞ്ഞതും, ഇയാളാണ് ഇവരെ മാന്നാറിലേക്ക് ക്ഷണിച്ചതും. സൈബര്‍സെല്ലിന്‍റെ സഹായത്തോടെ പ്രതികളുടെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കിയാണ് പൊലീസ് സംഘം ഉത്തര്‍പ്രദേശിലെത്തിയത്. യുപി പൊലീസിന്‍റെ സഹായം തേടി.