പ്രവര്‍ത്തകന്‍റെ ക്രൂരതയ്ക്ക് യുവാവിന്‍റെ കാല്‍കഴുകി മാപ്പുപറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി

Top News

ഭോപ്പാല്‍: ബി.ജെ.പി പ്രവര്‍ത്തകന്‍ ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ കാല്‍കഴുകി മാപ്പു പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ്
മുഖ്യമന്ത്രിയുടെ നടപടി. ആദിവാസി യുവാവായ ദഷ്മത് രാവത്തിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിച്ചാണ് കാല്‍ കഴുകിയത്. ‘ആ വീഡിയോ കണ്ട് ഞാന്‍ വേദനിച്ചു. ഞാന്‍ നിങ്ങളോട് മാപ്പ് പറയുന്നു. എനിക്ക് നിങ്ങള്‍ ദൈവത്തെ പോലെയാണ്’ കാല്‍ കഴുകിയതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, യുവാവിന്‍റെ ദേഹത്ത് മൂത്രമൊഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിയായ പ്രവേശ് ശുക്ലയെ ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
നിലത്തിരിക്കുകയായിരുന്ന രാവത്തിന്‍റെ ദേഹത്ത് പ്രവേശ് ശുക്ല മൂത്രമൊഴിക്കുകയായിരുന്നു. പ്രതിക്കെതിരേ കര്‍ക്കശ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ദേശീയ സുരക്ഷാ നിയമം, എസ്സി-എസ്ടി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *