പ്രളയ മുന്നറിയിപ്പ് സംവിധാനം പരാജയമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷം

Kerala

തിരുവനന്തപുരം: പ്രളയ സമയത്ത് കോട്ടയം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയത് ഗ്രീന്‍ അലര്‍ട്ട് മാത്രമാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭയില്‍ വ്യക്തമാക്കി. എല്ലാ വകുപ്പുകള്‍ക്കും ദുരന്ത പ്രതികരണ മാര്‍ഗരേഖ നല്‍കിയിരുന്നു. ശരിയായ നടപടി സ്വീകരിച്ചിരുന്നു. പ്രകൃതി ദുരന്തത്തില്‍ 55 ജീവനുകള്‍ നഷ്ടപ്പെട്ടു. 16 മുതല്‍ 17 വരെ പീരുമേട് മേഖലയിലാണ് ശക്തമായ മഴ പെയ്തത്. തുടര്‍ച്ചയായി പെയ്ത മഴ രക്ഷാപ്രവര്‍ത്തനതത്തിന് തടസമായെന്നും റവന്യൂ മന്ത്രി പറഞ്ഞു.
കോട്ടയം ജില്ലയില്‍ പ്രളയ സമയത്ത് കേന്ദ്രം ഒരു തരത്തിലുമുള്ള മുന്നറിയിപ്പും നല്‍കിയിരുന്നില്ല. അതിനാല്‍ ദുരന്ത പ്രതികരണസേനയെ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്ന സ്ഥലങ്ങളിലാണ് വിന്യസിച്ചിരുന്നത്. മോശം കാലാവസ്ഥ കാരണം വ്യോമസേന ഹെലികോപ്റ്ററുകള്‍ക്ക് യഥാസമയം സ്ഥലത്തെത്താന്‍ സാധിച്ചില്ല. പൊലീസും അഗ്നിശമനസേനയും നാട്ടുകാരുംേ ചര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പാണ് സര്‍ക്കാര്‍ ഔദ്യോഗികമായി എടുക്കുന്നത്. മറ്റ് ഏജന്‍സികള്‍ക്കും 16ാം തീയതിയിലെ മഴ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒക്ടോബര്‍ 16 രാവിലെ 10 മണി വരെ കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പില്‍ കേരളത്തില്‍ ഒരിടത്തും റെഡ് അലര്‍ട്ട് നല്‍കിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.സംസ്ഥാനത്തെ പ്രളയ മുന്നറിയിപ്പ് സംവിധാനം പരാജയമെന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച് പ്രതിപക്ഷം. 2018ലെ പ്രളയത്തില്‍ നിന്ന് സര്‍ക്കാര്‍ പാഠം ഉള്‍ക്കൊണ്ടില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നതില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് വീഴ്ചപറ്റിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രളയം ഉണ്ടായ ശേഷമാണ് റെഡ് അലര്‍ട്ട് നല്‍കിയതെന്നും പ്രളയ മാപ്പിങ് കൃത്യമായി നടത്തിയില്ലെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.ദുരന്ത സമയത്ത് ദുരന്തനിവരണ അതോറിറ്റിയുടെ അധ്യക്ഷന്‍ വിദേശത്തായിരുന്നു. ഓഖി വന്നപ്പോഴും അദ്ദേഹം വിദേശത്തായിരുന്നു. അധ്യക്ഷന് വിദേശകാര്യത്തിന്‍റെ ചുമതലയാണോ എന്നും തിരുവഞ്ചൂര്‍ ചോദിച്ചു.പ്രളയത്തിന് ശേഷം 12,836 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് വന്നു. എന്നാല്‍, ചെലവഴിച്ചത് 5,000 കോടി മാത്രമാണ്. ദുരന്തത്തിന്‍റെ ദുരനുഭവം ഉള്‍കൊള്ളാന്‍ സര്‍ക്കാര്‍ തയാറായില്ല. ആദ്യ പ്രളയത്തിന് ശേഷം ഹരിത സുരക്ഷിത സംസ്ഥാനമാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. എത്ര സൈക്ലോണ്‍ ഷെര്‍ട്ടറുകള്‍ സംസ്ഥാനത്ത് നിര്‍മ്മിച്ചെന്നും ദുരന്ത നിവാരണ പരിശീലനത്തിന് കിലക്ക് നല്‍കിയ ഫണ്ട് എന്ത് ചെയ്തെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *