45 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ യമുനാനദി
കുടിവെള്ളക്ഷാമം രൂക്ഷം
ഗതാഗതം നിലച്ചു
ന്യൂഡല്‍ഹി:മൂന്നു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന അതിശക്തമായ മഴയില്‍ വിറങ്ങലിച്ച് രാജ്യതലസ്ഥാനം. യമുനാനദിയിലെ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍ ഡല്‍ഹിയിലെ പലയിടങ്ങളും പ്രളയത്തിലാണ്.ഇതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അത്യാവശ്യ സേവനങ്ങള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. നിലവില്‍ 208.6 മീറ്ററാണ് യമുനാ നദിയിലെ ജലനിരപ്പ്. 45 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് യമുനാ നദിയില്‍. ഇതിനു മുന്‍പ് 1978 ലാണ് ജലനിരപ്പ് 207 മീറ്റര്‍ കടന്നത്.
കനത്തമഴയെ തുടര്‍ന്ന് ഹരിയാനയിലെ അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടതും യമുനയിലെ ജലനിരപ്പ് കൂടാന്‍ കാരണമായതായി പറയപ്പെടുന്നു.താഴ്ന്ന പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍തന്നെ വെള്ളം കയറിയിരുന്നു. നഗരത്തില്‍ കുടിവെള്ളപ്രശ്നവും രൂക്ഷമായതോടെ രാജ്യതലസ്ഥാനം മുമ്പുണ്ടായിട്ടില്ലാത്ത തരത്തില്‍ പ്രളയദുരിതത്തിലാണ്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ മൂന്ന് ജലശുദ്ധീകരണപ്ലാന്‍റ് അടച്ചതോടെയാണ് കുടിവെള്ള പ്രശ്നം രൂക്ഷമായത്. നഗരത്തില്‍ ഗതാഗതം നിലച്ചനിലയിലാണ്. അവശ്യ സേവനങ്ങളല്ലാത്ത ചരക്കു വാഹനങ്ങള്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്‍റെ വസതിക്കു 350 മീറ്റര്‍ അടുത്തുവരെ വെള്ളംകയറി. രൂക്ഷമായ വെള്ളപ്പൊക്കമാണ് ഡല്‍ഹി അഭിമുഖീകരിക്കുന്നത്. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. പ്രധാനപ്പെട്ട റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.നഗരത്തിനു സമീപത്തുള്ള ബോട്ട്ക്ലബ്, പാണ്ഡവ് നഗര്‍, ഗാന്ധിനഗര്‍, ഭജന്‍പുര എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേജ്രിവാള്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൂട്ടംകൂടിയുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.