പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് എത്തുന്നു. കുടുംബ യോഗങ്ങള്‍ക്കും കോര്‍ണര്‍ യോഗങ്ങള്‍ക്കും ശേഷം സ്ഥാനാര്‍ഥികളുടെ വാഹന പര്യടനവും നേതാക്കളുടെ സന്ദര്‍ശനവുമായി മണ്ഡലങ്ങള്‍ പ്രചാരണത്തിരക്കുകളിലമര്ന്നു.
ദേശീയ, സംസ്ഥാന നേതാക്കളുടെ റോഡ്ഷോകളും യോഗങ്ങളും പ്രധാന കേന്ദ്രങ്ങളില്‍ നടന്നുവരുന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന് പിള്ളയും സുഭാഷിണി അലിയും കഴിഞ്ഞ ദിവസം വിവിധ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു.ഞായറാഴ്ച ശശി തരൂര്‍ എം.പി തൃത്താലയിലും ഷൊര്‍ണൂരിലും ഒറ്റപ്പാലത്തും പാലക്കാട്ടുമടക്കം റോഡ് ഷോകളിലും ചര്‍ച്ചകളിലും സാന്നിധ്യമറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോട്ടമൈതാനിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രചാരണ റാലിയെ അഭിസംബോധന ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏപ്രില്‍ രണ്ടിന് വടക്കഞ്ചേരി, മുടപ്പല്ലൂര്‍, നെന്മാറ, മലമ്പുഴ എന്നിവിടങ്ങളില്‍ യു.ഡി.എഫ് പ്രചാരണ യോഗങ്ങളില്‍ സംസാരിക്കും. രണ്ടിനുശേഷം പ്രിയങ്ക ഗാന്ധിയും ജില്ലയില്‍ എത്തും.