ധാക്ക:രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി. ധാക്ക വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വാഗതം ചെയ്തു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് നരേന്ദ്ര മോദിയെ രാജ്യം സ്വാഗതം ചെയ്തത്. കൊറോണ പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം പ്രധാനമന്ത്രിയുടെ ആദ്യ വിദേശ യാത്രയാണിത്. 497 ദിവസത്തിന് ശേഷമാണ് നരേന്ദ്ര മോദി വിദേശയാത്ര നടത്തുന്നത്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ബംഗ്ലാദേശിലെത്തിയത്.ബംഗ്ലാദേശിന്റെ അന്‍പതാം സ്വാതന്ത്ര്യ വാര്‍ഷികമായ ഇന്ന് നടക്കുന്ന പരിപാടികളില്‍ നരേന്ദ്ര മോദി മുഖ്യാതിഥിയാകും. തുടര്‍ന്ന് നടക്കുന്ന ആഘോഷ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി ധാക്കയില്‍ നടക്കുന്ന ബാപ്പു ബംഗബന്ധു ഡിജിറ്റല്‍ വീഡിയോ എക്സിബിഷന് ഉദ്ഘാടനം ചെയ്യും. ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുമായി മോദി കൂടിക്കാഴ്ച നടത്തും.പ്രധാനമന്ത്രി മോദി ബംഗ്ലാദേശിലെ മാത്വ സമുദായംഗങ്ങളുമായും ഇന്ന് കൂടിക്കാഴ്ച നടത്തും.
