ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന് സ്വീകരിച്ചു.ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് കുത്തിവയ്പെടുത്തത്. തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് ആണ് മോദി സ്വീകരിച്ചത്. അര്‍ഹരായ എല്ലാ പൗരന്മാരും വാക്സിന് കുത്തിവയ്പെടുക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വാക്സിന് സ്വീകരിച്ച ശേഷം അരമണിക്കൂറോളം നിരീക്ഷണത്തില്‍ ഇരുന്ന ശേഷമാണ് മോദി ആശുപത്രി വിട്ടത്.’എയിംസില്‍ നിന്ന് ആദ്യ ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചു. കൊവിഡിനെതിരേയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും വേഗത്തില്‍ പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണ്. അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒരുമിച്ച് ഇന്ത്യയെ കൊവിഡ് മുക്തമാക്കാം’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.പുതുച്ചേരി സ്വദേശിനി പി നിവേദിതയാണ് മോദിയ്ക്ക് വാക്സിന് നല്‍കിയത്. വണക്കം പറഞ്ഞതിന് ശേഷമാണ് പ്രധാനമന്ത്രി പോയതെന്ന് നിവേദിത പ്രതികരിച്ചു. വാക്സിന് നല്‍കിയവരുടെ സംഘത്തില്‍ മലയാളി നഴ്സും ഉണ്ടായിരുന്നു. തൊടുപുഴ സ്വദേശിനിയായ റോസമ്മയാണ് ഒപ്പമുണ്ടായിരുന്നത്.രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിന് കുത്തിവയ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന് സ്വീകരിച്ചത്. അറുപത് വയസിന് മുകളിലുള്ളവര്‍ക്കും, നാല്പത്തിയഞ്ച് വയസ് പിന്നിട്ട ഇതര രോഗബാധിതര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ കുത്തിവയ്പ്.സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവയ്പ് സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോഡ് വാക്സിന് 250 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ആശുപത്രികളിലെ സേവന നിരക്കായ 100 രൂപയടക്കമാണ് ഇത്.