പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷിച്ചു

Latest News

തിരുവനന്തപുരം: പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിച്ചു. പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉയിര്‍പ്പ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ഒരു മണിക്കൂറോളം നീണ്ട ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം 10 മിനുട്ട് ഈസ്റ്റര്‍ സന്ദേശവും നല്‍കി. ശക്തമായ വിശ്വാസത്തിന് ജീവിതത്തിലെ ഒരു സന്തോഷത്തേയും തച്ചുടയ്ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മു വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.
കോതമംഗലം രൂപതക്ക് കീഴിലെ ആരക്കുഴ സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ദൈവാലയത്തില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ തിരുവനന്തപുരം പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ശുശ്രൂഷകളിലും വിശുദ്ധ കുര്‍ബാനകളിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. പട്ടം സെന്‍റ് മേരിസ് പള്ളിയില്‍ കര്‍ദിനാള്‍ ക്ലിമിസ് ബാവ നേതൃത്വം നല്‍കി.
ബറോഡ മാര്‍ ഗ്രിഗോറിയോസ് വലിയപള്ളിയില്‍ ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കിയത്. ഒട്ടേറെ വിശ്വാസികള്‍ പ്രാര്‍ത്ഥനകളുടെ ഭാഗമായി. കോട്ടയം നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ കോട്ടയം ഭദ്രാസനാധിപന്‍ യുഹനോന്‍ മാര്‍ ദിയസ്കോറസ് പ്രാര്‍ത്ഥനകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ദുബായ് മാര്‍ത്തോമ്മാ പള്ളിയില്‍ മാര്‍ത്തോമ സഭ അധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത ഈസ്റ്റര്‍ ദിന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *