പ്രതീക്ഷിച്ച വിജയം നേടാനായില്ല; പോരായ്മകള്‍ പരിഹരിക്കും;മുഖ്യമന്ത്രി

Latest News

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ്ലോക്സഭ തെരഞ്ഞടുപ്പ് ഫലമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കും. പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കും.
തൃശൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണ്. ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും മാതൃകയായ നമ്മുടെ നാട്ടില്‍ ബി.ജെ.പി ആദ്യമായി ലോക്സഭ മണ്ഡലം വിജയിച്ചത് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. അതിന് മതനിരപേക്ഷ -ജനാധിപത്യ വിശ്വാസികളാകെ തയ്യാറാകേണ്ടതാണ്. ആ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചും മതനിരപേക്ഷ മൂല്യങ്ങള്‍ക്കായി സമര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു പോകും.മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *