. പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്
. പന്തീരാങ്കാവ് എസ് എച്ച് ഒ ക്ക് സസ്പെന്‍ഷന്‍
. കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തു
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ വിദേശത്തേക്കു കടന്നതായി വിവരം. രാഹുല്‍ ബെംഗളൂരു വഴി സിംഗപ്പൂരിലേക്കു കടന്നുവെന്നാണു വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നു വിവരം ലഭിച്ചതെന്നു വധുവിന്‍റെ അമ്മ പറഞ്ഞു. രാഹുലിനു രക്ഷപ്പെടാന്‍ പൊലീസ് സൗകര്യം ഒരുക്കിയെന്നും അവര്‍ ആരോപിച്ചു. ലുക്കൗട്ട് നോട്ടിസ് ഇറക്കുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞാണു രാഹുല്‍ നാടുവിട്ടത്.
അതിനിടെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പന്തീരാങ്കാവ് എസ് എച്ച് ഒ എ.എസ്.സരിനെ സസ്പെന്‍ഡ് ചെയ്തു. ഉത്തരമേഖല ഐജിയാണു സസ്പെന്‍ഡ് ചെയ്തത്. എസ്എച്ച് ഒ ക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാവും. ഗാര്‍ഹികപീഡന പരാതി ലഭിച്ചിട്ടും പന്തീരാങ്കാവ് എസ്എച്ച്ഒ കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഫറോക്ക് എസിപി സാജു കെ.ഏബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് ഏറ്റെടുത്തു.
ഈ മാസം അഞ്ചിനായിരുന്നു പറവൂര്‍ സ്വദേശിനിയുമായുള്ള രാഹുലിന്‍റെ വിവാഹം. ഞായറാഴ്ച രാഹുലിന്‍റെ വീട്ടിലെത്തിയപ്പോഴാണു യുവതി സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമര്‍ദനത്തിന് ഇരയായത് ബന്ധുക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.
പ്രതി രാഹുല്‍ മുമ്പും വിവാഹം കഴിച്ചിരുന്നതായി വിവരമുണ്ട്.നേരത്തെ ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനിയുമായി രാഹുലിന്‍റെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും പിന്നീട് ഇവര്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായതായും വിവരമുണ്ട്.
സ്ത്രീധനം ചോദിച്ചുവെന്ന് യുവതി കള്ളം പ്രചരിപ്പിക്കുകയാണെന്നാണ് രാഹുലിന്‍റെ അമ്മയുടെ വാദം. മര്‍ദ്ദനം നടന്നുവെന്നത് ശരിയാണെന്നും പെണ്‍കുട്ടിയുടെ ഫോണ്‍ ചാറ്റ് പിടികൂടിയതാണ് മര്‍ദ്ദനത്തിന് കാരണമെന്നും രാഹുലിന്‍റെ അമ്മ പറഞ്ഞു.
യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്‍റെ അമ്മ പറഞ്ഞത് പച്ചക്കള്ളമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ഹരിദാസന്‍. സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടിരുന്നു. താനും ബന്ധുക്കളും ഉള്‍പ്പെടെ മകളുടെ ദുരവസ്ഥ കണ്ടതാണ്. മകനെ രക്ഷിക്കാനാണ് അമ്മ ശ്രമിക്കുന്നതെന്നും ഹരിദാസന്‍ പറഞ്ഞു.