പ്രതിസന്ധിഘട്ടങ്ങളില്‍ കുവൈത്തിനൊപ്പം നിന്ന
രാജ്യമാണ് ഇന്ത്യയെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി

Gulf India

കുവൈത്ത്സിറ്റി: ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോയപ്പോഴും പ്രതിസന്ധികളില്‍ നട്ടംതിരിഞ്ഞപ്പോഴും ഇന്ത്യ കൂടെ നിന്നെന്നും അത് കൃതജ്ഞതയോടെ സ്മരിക്കുന്നുവെന്നും കുവൈത്ത് വിദേശകാര്യമന്ത്രി ഷേഖ് ഡോ. അഹ്മദ് നാസെര്‍ അല്‍ മൊഹമ്മദ് അല്‍ സാബാ. ഹ്രസ്വസന്ദര്‍ശനത്തിന് ബധനാഴ്ച ഇന്ത്യയില്‍ എത്തിയതായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് 5.30 എത്തിയ അദ്ദേഹം ഇന്ന് രാവിലെ 11 ന് മടങ്ങി. ഇരുരാജ്യങ്ങളും തമ്മില്‍ നൂറ്റാണ്ടുകളായുള്ള ചരിത്രപരമായ ബന്ധം അരക്കെട്ടുറപ്പിക്കാന്‍ സന്ദര്‍ശനത്തിനു സാധിച്ചിട്ടുണ്ട്. ലോകസമാധാനത്തിനും സുസ്ഥിരതയ്ക്കുംവേണ്ടിയുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ഒരിക്കല്‍കൂടി ആവര്‍ത്തിക്കുകയും ചെയ്തു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവരുമായി കുവൈത്ത് വിദേശകാര്യമന്ത്രി കൂടാതെ, അസി.വിദേശകാര്യ മന്ത്രി അലി അല്‍ സഈദ്,ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസീം അല്‍ നജീം,ആരോഗ്യ മന്ത്രാലയത്തിലെ അസി.അണ്ടര്‍ സെക്രട്ടറി ഡോ:അബ്ദുള്ള അല്‍ ഖ്വനൈയ്(ഫുഡ് ആന്‍റ്െ ഡ്രഗ് കണ്‍ടോള്‍).വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി അസി. അഹമദ് അല്‍ ഷൂറൈം എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചിരുന്നു.
ഭക്ഷണം, സുരക്ഷ, വൈദ്യുതി, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതകള്‍ ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തു. പ്രതിസന്ധികളുടെ കാലഘട്ടത്തില്‍ പിന്തുണയുമായി ഇന്ത്യയുണ്ടായിരുന്നെന്ന് അനുസ്മരിച്ച കുവൈത്ത് വിദേശകാര്യമന്ത്രി ഷേഖ് അഹ്മദ് അല്‍ സാബാ, കഴിഞ്ഞവര്‍ഷത്തെ കോവിഡ് 19 എന്ന മഹാമാരിയ്ക്കെതിരേ പോരാടാന്‍ ഇന്ത്യന്‍ വെള്ളപ്പട്ടാളം കുവൈത്തികളോടൊപ്പം അണിനിരന്നെന്ന് അനുസ്മരിച്ചു. കോവിഡിനെ പ്രതി
രോധിക്കാന്‍ ഇന്ത്യന്‍ ഡോക്ടര്‍മാരും നഴ്സുമാരും അഹോരാത്രം പ്രയത്നിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കിയ സമയത്തുപോലും മെഡിക്കല്‍ സഹായം എത്തിക്കാന്‍ ഇന്ത്യന്‍ നേതൃത്വം സന്‍മനസു കാണിച്ചു. ഇത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യേഷ്യയില്‍ ഇസ്രായേലും പാലസ്തീനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യയുടെ സഹായവും സഹകരണവും കുവൈത്ത് തേടി. ഇന്ത്യയുള്‍പ്പെടെയുള്ള അന്താരാഷ്ട്രസമൂഹത്തിന്‍റെ പിന്തുണയോടെയും സഹകരണത്തോടെയും മാത്രമേ ഇവിടെ സമാധാന ശ്രമങ്ങള്‍ നടത്താനാവുകയുള്ളുവെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സമാധാനശ്രമങ്ങള്‍ ഉപേക്ഷിച്ചാല്‍, മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവും.
സമാധാനശ്രമങ്ങള്‍ക്ക് ഇപ്പോള്‍ പറ്റിയ സമയമാണെന്ന് അദ്ദേഹം പറഞ്ഞു. പാലസ്തീനും ഇസ്രായേലും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വളരെ രക്തച്ചൊരിച്ചിലുകളും അക്രമങ്ങളും ദുരന്തങ്ങളുമാണ് ഈ മേഖലയിലുണ്ടായിട്ടുള്ളത്. പാലസ്തീനികള്‍ക്കിടയില്‍ ഇപ്പോള്‍ നിരാശ മാത്രമാണുള്ളതെന്നും ഡോ. സാബാ പറഞ്ഞു. കുവൈത്ത് പ്രധാനമന്ത്രി ഷേഖ് സബാ ഖാലീദ് അല്‍ ഹമദ് അല്‍ സബായുടെ കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയക്ക് നല്‍കാനായി ഷേഖ് ഡോ. അഹ്മദ് നാസെര്‍ അല്‍ മൊഹമ്മദ് അല്‍ സാബാ കൈമാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *