ന്യൂഡല്‍ഹി: എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് പക്ഷേ സമ്മര്‍ദ്ദം ചെലുത്താമെന്ന് കരുതേണ്ട.എല്ലാവരും അവരുടെ പരിധിയില്‍ നില്‍ക്കണം. ഭരണഘടനാപരമായ ബാധ്യതയാണ് താന്‍ നിറവേറ്റുന്നത്. കേരളത്തിലെ സര്‍വകലാശാലയില്‍ നടക്കുന്ന കാര്യങ്ങളില്‍ താന്‍ അസ്വസ്ഥനാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഡല്‍ഹിക്ക് പുറപ്പെടുന്നതുവരെ തന്‍റെ പക്കലേക്ക് സര്‍ക്കാരിന്‍റെ ഒരു ഓര്‍ഡിനന്‍സും എത്തിയിരുന്നില്ല. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിട്ടാത്ത കാര്യത്തെ കുറിച്ച് എനിക്ക് പറയാന്‍ കഴിയില്ല. കോടതി ഉത്തരവുകളെ ബഹുമാനിക്കുകയും പാലിക്കുകയും ചെയ്യുക നമ്മുടെ ചുമതലയാണ്. ഇത് വ്യക്തിപരമായ യുദ്ധമല്ല. എനിക്കാരോടും വ്യക്തിപരമായ ശത്രുതയില്ല. എന്നാല്‍ ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ തീര്‍ത്തും അസ്വസ്ഥനാണ്. രാഷ്ട്രീയ ഇടപെടല്‍ ശക്തമായിരുന്നു. നിയമവിരുദ്ധമായി സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ആര്‍ക്കും കഴിയില്ല. സര്‍വകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവര്‍ണര്‍ക്കാണ്. സര്‍ക്കാരിനെ നയിക്കേണ്ട ചുമതല തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും. ആരെങ്കിലും ദിവസവും സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുകയാണെങ്കില്‍ സുപ്രീം കോടതിയും ഹൈക്കോടതിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഞാനെന്‍റെ അധികാര പരിധിയിലും നിങ്ങള്‍ നിങ്ങളുടെ അധികാര പരിധിക്കകത്തും പ്രവര്‍ത്തിക്കൂവെന്നും അദ്ദേഹം പറഞ്ഞു.