കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി നടക്കുന്ന കല്ലിടല്‍ നടപടികള്‍ സംസ്ഥാനത്ത് താല്‍കാലികമായി നിറുത്തി വച്ചു. പ്രതിഷേധങ്ങള്‍ക്കിടെ മുന്നോട്ട് പോകാനാകില്ലെന്ന് സര്‍വേ ഏജന്‍സി വ്യക്തമാക്കിയതോടെയാണ് താത്കാലികമായി കല്ലിടല്‍ നിറുത്തി വയ്ക്കേണ്ടി വന്നത്.ഈ രീതിയില്‍ തുടരാനാകില്ലെന്നും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും ഏജന്‍സി കെ റെയിലിനെ അറിയിച്ചു. ജീവനക്കാരെ അടക്കം കൈയേറ്റം ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.ഇന്നലെ വൈകിട്ട് പിറവത്ത് നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സര്‍വേ ഏജന്‍സി പുതിയ തീരുമാനത്തിലേക്ക് പോയത്. ഒരു തരത്തിലും സര്‍വേ നടപടികളുമായി മുന്നോട്ട് പോകാനികില്ലെന്നാണ് ഏജന്‍സിയുടെ നിലപാട്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സമരക്കാര്‍ തടഞ്ഞിരുന്നു. സ്ഥലത്തെത്തിയ ജീവനക്കാരെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാനും അനുവദിച്ചിരുന്നില്ല.ജീവന് പോലും സുരക്ഷയില്ലാത്ത സമയത്ത് മുന്നോട്ട് സര്‍വേ നടപടികളുമായി ഇല്ലെന്നാണ് സര്‍വേ ഏജന്‍സി കെ റെയിലിനെ അറിയിച്ചിരിക്കുന്നത്. അതേസമയം, വടക്കന്‍ കേരളത്തിലും ഇന്ന് സര്‍വേ നടക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിരുനാവായയിലും തവനൂരിലും ജനങ്ങള്‍ സംഘടിതരാണെന്ന സൂചന സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയതോടെ അവിടെയും സര്‍വേ നടപടികള്‍ നിറുത്തി വച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്‍റെ പല ഭാഗത്തും ഇന്ന് സര്‍വേ നടപടികള്‍ മുടങ്ങിയതോടെ വിശദീകരണവുമായി കെ റെയില്‍ അധികൃതരും എത്തിയിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ സര്‍വേ നിറുത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ജില്ലാ തലങ്ങളില്‍ സാഹചര്യം നോക്കി മുന്നോട്ട് പോകുമെന്നുമാണ് അധികൃതരുടെ വിശദീകരണം.